
ഗവർണർ സിവി ആനന്ദ ബോസിനെതിരായ പീഡന പരാതി ആശങ്കയുണ്ടാക്കുന്നതെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സന്ദേശ് ഖാലി വിഷയത്തിൽ ഇടപെട്ട ഗവർണർക്കെതിരെയാണ് പരാതി ഉയർന്നത്. എന്തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നിശബ്ദത പാലിക്കുന്നുവെന്ന് മമത ചോദിച്ചു.
ഇന്നലെ ഗവർണർ സിവി ആനന്ദബോസിനെതിരെ രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരിയാണ് പോലീസിൽ പരാതി നല്‍കിയത്. ഏപ്രില്‍ 24നും ഇന്നലെയും രാജ്ഭവനില്‍ വിളിച്ചുവരുത്തി മോശമായി പെരുമാറുകയും ലൈംഗിക താൽപ്പര്യത്തോടെ സ്പർശിക്കുകയും ചെയ്തതെന്നാണ് പരാതി. ഇരുപത്തിനാലാം തീയ്യതി മോശമായ പെരുമാറ്റമുണ്ടായതിനാല്‍ ഇന്നലെ സൂപ്പർവൈസറുമായാണ് ഗവണറെ കണ്ടത്.
ഓഫീസിൽ സൂപ്പർവൈസറെ പറഞ്ഞയച്ചശേഷം തന്നോട് വീണ്ടും മോശമായി പെരുമാറിയെന്നാണ് ജീവനക്കാരി നല്കിയ പരാതിയില്‍ പറയുന്നു . ഗവർണർക്ക് ഭരണഘടന സംരക്ഷണം ഉള്ളതിനാല്‍ കേസെടുക്കുന്നതിൽ ബംഗാൾ പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്.
അതേസമയം ജീവനക്കാരിയെ ഗവർണ്ണർ നേരത്തെ ശാസിച്ചതാണ് പരാതിക്ക് കാരണമെന്നാണ് രാജ്ഭവൻ വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളിലെ റാലിക്കായി രാജ്ഭവനില്‍ താമസിക്കാനെത്തും മുമ്പാണ് പരാതി ഉയർന്നത്.






