
സ്ത്രീകളില്‍ ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ പലപ്പോഴും ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇവയില്‍ പ്രധാനമാണ് ആര്‍ത്തവം. എന്നാല്‍ ആ വാക്ക് കുറച്ചെങ്കിലും ആളുകള്‍ പരസ്യമായി പറയാന്‍ തുടങ്ങിയത് ഇപ്പോഴായിരിക്കും. എങ്കില്‍ പോലും ഇന്നും പല സ്ഥലങ്ങളിലും പല വീടുകളിലും ആ വാക്ക് നിഷിദ്ധമാണ്. അതേ കുറിച്ച് ചര്‍ച്ച ചെയ്യാനോ, കാര്യങ്ങളെ വേണ്ടവിധം മനസിലാക്കാനോ ഒന്നും ആരും അധികം ശ്രമിക്കാറില്ല. എന്തായാലും, തന്റെ അനിയനോട് ആര്‍ത്തവത്തെ കുറിച്ച് പറഞ്ഞുകൊടുക്കുന്ന ഒരു മൂത്ത സഹോദരന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ വൈറലാവുന്നത്.
വീഡിയോയില്‍ കാണുന്നത് ഒരു യുവാവ് കാര്‍ ഡ്രൈവ് ചെയ്തുകൊണ്ട് പന്ത്രണ്ടാം പിറന്നാളുകാരനായ തന്റെ സഹോദരനെ കൂട്ടാന്‍ പോകുന്നതാണ്. പിന്നീട്, അനിയന് കാറില്‍ കയറുന്നതും വീഡിയോയില്‍ കാണാം. അനിയന് കാറില്‍ കയറിയ ഉടനെ തന്നെ ചേട്ടന് അവനോട് പിറന്നാള്‍ ആശംസകള്‍ പറയുന്നുണ്ട്. പിന്നീട്, ചേട്ടന് അവനോട് ചോദിക്കുന്നത് അവന് ഗേള്‍ ഫ്രണ്ട് ഉണ്ടോ എന്നാണ്. ഉണ്ടെന്നാണ് അനിയന്റെ മറുപടി. പിന്നാലെ ആര്‍ത്തവത്തെ കുറിച്ച് അറിയാമോ എന്നും ചേട്ടന് അനിയനോട് ചോദിക്കുന്നു. ഇല്ലെന്നാണ് അനിയന്റെ മറുപടി. പിന്നാലെ ചേട്ടന് അവന് വിശദമായി ആര്‍ത്തവത്തെ കുറിച്ച് പറഞ്ഞുകൊടുക്കുന്നു. അനിയന് ചേട്ടനോട് എല്ലാ മാസവും ഇങ്ങനെ ആര്‍ത്തവം ഉണ്ടാകുമോ എന്നും അത് വേദനാജനകമായിരിക്കില്ലേ എന്നും ചോദിക്കുന്നുണ്ട്. അതേ എന്നാണ് ചേട്ടന്റെ മറുപടി.
എല്ലാ മാസവും ആര്‍ത്തവം ഉണ്ടാകുമെന്നും വേദനിക്കുമെന്നും ചേട്ടന് പറഞ്ഞുകൊടുക്കുന്നു. പിന്നീട്, എങ്ങനെ സാനിറ്ററി പാഡ് വാങ്ങാം എന്നാണ് ചേട്ടന് അനിയന് പറഞ്ഞുകൊടുക്കുന്നത്. അനിയന് സാനിറ്ററി പാഡ് വാങ്ങിക്കുന്നതും കാണാം. തന്റെ ചുറ്റുമുള്ള സ്ത്രീകളില്‍ സുരക്ഷിതത്വബോധം ഉണ്ടാക്കുമെന്നും അനിയന് പറയുന്നുണ്ട്. anishbhagatt ആണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത വീഡിയോ ഇതോടകം തന്നെ ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു. നിരവധിപ്പേരാണ് ചേട്ടനെയും അനിയനെയും അഭിനന്ദിച്ചത്.






