
ബോളിവുഡിലെ നിത്യയൗവ്വനമെന്ന് എപ്പോഴും വിളിക്കപ്പെടുന്ന താരമാണ് അനില്‍ കപൂര്‍. അനില്‍ കപൂറിന്റെയും സുനിത കപൂറിന്റെയും മകളായി ബോളിവുഡിലെത്തിയ താരമാണ് സോനം കപൂര്‍. പിന്നീട് തന്റെ അഭിനയമികവിലൂടെ താരം പ്രേക്ഷകരുടെ സ്വന്തം താരസുന്ദരിയായി മാറി. ലണ്ടനിലെ പഠനത്തിനു ശേഷം സഞ്ജയ് ലീല ബന്‍സാലിയുടെ ബ്ലാക്ക് എന്ന ചിത്രത്തില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചുകൊണ്ടായിരുന്നു സോനം സിനിമാരംഗത്തേക്ക് എത്തുന്നത്. ബന്‍സാലിയുെട തന്നെ 'സാവരിയ 'എന്ന ചിത്രത്തിലൂടെ താരം നായികയായി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു. നീരജ, ഖുബ്സൂരത്, രാഞ്ജന, സഞ്ജു തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ തന്റേതായ ഇടം നേടിയെടുത്ത താരം ബോളിവുഡിന്റെ ഫാഷന്‍ ഐക്കണ്‍ കൂടിയാണ്. ഏറെ നാളത്തെ പ്രണയത്തിനുശേഷം 2018 മേയിലാണ് ആനന്ദ് അഹൂജയെ വിവാഹം കഴിക്കുന്നത്. 2022 ല്‍ വായു എന്ന മകന് താരം ജന്മം നല്കി.
ഇപ്പോഴിതാ ഭർത്താവ് ആനന്ദ് അഹൂജയ്ക്കൊപ്പം സോനം കപൂർ ആറ് വർഷമായി ഒരുമിച്ചു ജീവിക്കുന്നതിന്റെ സന്തോഷം പങ്കിടുകയാണ് സോനം. പ്രത്യേക അവസരത്തിൽ ഭർത്താവിന് ആശംസകൾ നേർന്ന് ഒരു കൂട്ടം ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘‘എന്റെ ജീവിതത്തിന്റെ സ്നേഹത്തിലേക്ക്. എന്റെ എല്ലാം... വാർഷിക ആശംസകൾ. നിങ്ങളുടെ നിരുപാധികമായ സ്നേഹവും പിന്തുണയുമാണ് എന്റെ നങ്കൂരവും സുരക്ഷിതമായ സ്ഥലവും. നിന്നെ വിവാഹം കഴിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനമായിരുന്നു. നാം സ്വർഗത്തിലാണ് ജീവിക്കുന്നത്. എനിക്ക് പ്രകടിപ്പിക്കാൻ കഴിയുന്നതിനേക്കാൾ ഞാൻ നിന്നെ സ്നേഹിക്കുന്നു....’’ എന്ന് കുറിച്ച് ഇവരൊന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിട്ടുണ്ട്. ഒന്നിച്ചുള്ള നിരവധി പ്രണയ നിമിഷങ്ങളും, ഇരുവരും തങ്ങളുടെ മകൻ വായുവിനോടൊപ്പം നല്ല സമയം ചെലവഴിക്കുന്നതുമായ ചിത്രങ്ങളാണ് കൂടുതല്‍.






