
പിന്നില്‍ നിന്നും തിരിച്ചടിച്ചു കയറിയ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ഫൈനലില്‍. നിര്‍ണ്ണായകമായ രണ്ടാംപാദ സെമിയില്‍ ബയേണിനെ 2-1 ന് റയല്‍ കീഴടക്കി. ആദ്യ പാദ മത്സരം ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതമടിച്ച് സമനിലയിലായ സാഹചര്യത്തില്‍ 4-3 ന്റെ അഗ്രിഗേറ്റ് സ്കോറുമായാണ് സ്പാനിഷ് വമ്പന്മാര് കലാശപ്പോരിനിറങ്ങുന്നത്. ജര്‍മ്മനിയിലെ തന്നെ മറ്റൊരു വമ്പന്മാരായ ബോറൂഷ്യ ഡോര്‍ട്ട്മുണ്ടുമായി ജൂണ്‍ 1 ന് നടക്കുന്ന ഫൈനലില്‍ റയല്‍ ഏറ്റുമുട്ടും.
ജോസെലുവിന്റെ ഇരട്ടഗോളുകളായിരുന്നു റയലിനെ ഫൈനലില്‍ എത്തിച്ചത്. കളിയുടെ അവസാന മൂന്ന് മിനിറ്റിനിടയില് റയല്‍ ബയേണിന്റെ കഥ കഴിച്ചു. 68 ാം മിനിറ്റില്‍ ഹാരി കെയ്ന്റെ ഗോളിലൂടെ മുന്നിലെത്തിയ ബയേണിനെ 88 ാം മിനിറ്റില്‍ ആദ്യം കീഴടക്കിയ ജോസെലു തൊട്ടടുത്തു തന്നെ ഇഞ്ചുറി ടൈമില്‍ റയലിന്റെ ഗോളിയുടെ പിഴവ് മുതലാക്കി രണ്ടാം ഗോളും നേടുകയായിരുന്നു. ജോസെലു ഓഫ് സൈഡാണോ എന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് വാര് പരിശോധിച്ചായിരുന്നു റഫറി ഗോള്‍ അനുവദിച്ചത്.
പതിനാല് തവണ ചാംപ്യന്‍സ് ലീഗ് കിരീടം ചൂടിയിട്ടുള്ള റയല്‍ പതിനഞ്ചാം കിരീടമാണ് ലക്ഷ്യമിടുന്നത്. തുടക്കം മുതലേ ആക്രമിച്ചു കളിക്കാനായിരുന്നു റയല്‍ ഉദ്ദേശിച്ചത്. ആ നിലയില്‍ അവര്‍ തന്ത്രം നടപ്പാക്കുകയും ചെയ്തു. ആദ്യ പാദത്തിലെ പോലെ ഇത്തവണയും ഇംഗ്ളണ്ടിന്റെ നായകന് ബയേണിനെ മുന്നിലെത്തിച്ചതാണ്. സെന്റര്‍ സര്‍ക്കിളില്‍ നിന്നും ഡേവിസ് നല്കിയ പാസ് ഓടിയെടുത്ത കീന്‍ ഒരു തകര്‍പ്പനടിയിലൂടെ റയലിന്റെ വലയില്‍ കയറ്റുകയായിരുന്നു. എന്നാല്‍ കീന്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ബയേണ്‍ രണ്ടുഗോള്‍ വഴങ്ങി.


