
പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് പനി ബാധിച്ച് മൂന്ന് വയസ്സുകാരി മരിച്ചു. അമ്പലപ്പാറ എസ്ടി കോളനിയിലെ കുമാരന്റെ മകൾ ചിന്നു (3) ആണ് മരിച്ചത്.
രാവിലെ 10:45ഓടെ കുട്ടി വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേ സമയം വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പാലക്കാട് കാഞ്ഞിക്കുളം സ്വദേശി സുകുമാരനാണ് മരിച്ചത്. 65 വയസായിരുന്നു പ്രായം. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.






