
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ വാരാണസി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കാലവും സമയവുമൊക്കെ നോക്കിയ അദ്ദേഹം ഗംഗയുടെ തീരത്തുള്ള ദശാശ്വമേധ് ഘട്ടില്‍ പ്രാര്‍ത്ഥനയും ആരതിയും നടത്തിയ ശേഷം ചൊവ്വാഴ്ച പകല്‍ 12 മണിയോടെയാണ് വാരണാസി കളക്ട്രേറ്റില്‍ യോഗി ആദിത്യനാഥിന് ഒപ്പമെത്തിയായിരുന്നു മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
പ്രത്യേക മുഹൂര്ത്ഥമൊക്കെ നോക്കിയാണ് മോദി പത്രിക സമര്‍പ്പിക്കുന്നത്. സാധാരണക്കാരായ നാലുപേരും പത്രികാ സമര്‍പ്പണത്തിന് മോദിക്കൊപ്പം ഉണ്ടായിരുന്ന. ബ്രാഹ്മണ ഒബിസി പട്ടികജാതി വിഭാഗത്തിലെ സാധാരണക്കാരായ നാലു സംഘപരിവാര്‍ പ്രവര്‍ത്തകരാണ് മോദിക്കായി പത്രികയില്‍ ഒപ്പുവെച്ചത്. രണ്ടുസെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠ നടത്തിയ പണ്ഡിറ്റ് ഗണേശ് ശാസ്ത്രിയാണ് ആദ്യം പത്രികയില്‍ ഒപ്പുവെച്ചത്. വാരാണസിയില്‍ മൂന്നാം തവണയാണ് പ്രധാനമന്ത്രി ജനവിധി തേടുന്നത്. കഴിഞ്ഞ രണ്ട് തവണയും ഇവിടെ മോദി വന്‍ മാര്‍ജ്ജിനിലാണ് ജയിച്ചത്. പ്രധാനമന്ത്രിയുടെ പത്രികാ സമര്‍പ്പണം ശക്തിപ്രകടനമാക്കി ബിജെപി മാറ്റി.
പതിറ്റാണ്ടുകളായി ബിജെപി കോട്ടയാണ് വാരണാസി. പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി പ്രധാനമന്ത്രി മോദി തിങ്കളാഴ്ച വൈകുന്നേരം വാരണാസിയില്‍ അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ അതിഗംഭീരമായ റോഡ്ഷോ നടത്തിയിരുന്നു. തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ആറ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ്ഷോയുടെ ദൃശ്യങ്ങള്‍ പങ്കിട്ടു. 'റോഡ് ഷോയ്ക്കിടെ കാശിയിലെ എന്റെ കുടുംബാംഗങ്ങള്‍ ചൊരിഞ്ഞ സ്നേഹവും അനുഗ്രഹങ്ങളും ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമായി മാറിയെന്ന് അദ്ദേഹം ഹിന്ദിയില്‍ എഴുതി.






