
കോഴിക്കോട്/കൊച്ചി/പറവൂര്‍: വിവാഹംകഴിഞ്ഞ് ഒരാഴ്ചയ്ക്കിടെ യുവതിക്കു ഭര്‍തൃഗൃഹത്തില്‍ മര്‍ദനമേറ്റ കേസില്‍ ഭര്‍ത്താവ് രാഹുല്‍ വിദേശത്തേക്കു കടന്നതായി സൂചന. പ്രതിക്കായി തെരച്ചില്‍ (ലുക്ഒൗട്ട്) നോട്ടീസ് പുറപ്പെടുവിച്ചു. ഗാര്‍ഹികപീഡനപരാതി സ്വീകരിക്കുന്നതില്‍ വീഴ്ചവരുത്തിയ കോഴിക്കോട്, പന്തീരാങ്കാവ് പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ എ.എസ്. സരിനെ ഉത്തരമേഖലാ ഐ.ജി. സസ്പെന്‍ഡ് ചെയ്തു.
പ്രതി രാഹുല്‍ ബംഗളുരു വഴി സിംഗപ്പൂരിലേക്കു കടന്നതായാണു സൂചന. പന്തീരാങ്കാവ് പോലീസിന്റെ ഒത്താശയോടെയാണു പ്രതി മുങ്ങിയതെന്നും ആരോപണമുണ്ട്. യുവതി ഫറോക്ക് താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയതിന്റെ രേഖകള്‍ അനേ്വഷണസംഘം ശേഖരിച്ചു. യുവതി ശാരീരികാക്രമണം നേരിട്ടതായി ഡോക്ടറുടെ കുറിപ്പില്‍ പറയുന്നു. നെറ്റിയില്‍ ഇടി കൊണ്ട് ചതഞ്ഞ പാടുകളുണ്ട്. ചുണ്ടിലും കഴുത്തിലും കൈക്കും പരുക്കേറ്റു. കഴിഞ്ഞ അഞ്ചിനാണു പറവൂര്‍ സ്വദേശിയായ യുവതിയും കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലും (29) ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹിതരായത്.
രാഹുല്‍ ജര്‍മനിയില്‍ എന്‍ജിനീയറും യുവതി തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരിയുമാണ്. വിവാഹാനന്തരം അടുക്കളകാണല്‍ ചടങ്ങിനു യുവതിയുടെ മാതാപിതാക്കളും ബന്ധുക്കളും രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണു മര്ദനവിവരമറിഞ്ഞത്. കോഴിക്കോട് എ.സി.പി: സാജു എബ്രഹാമിന്റെ നേതൃത്വത്തില്‍ അനേ്വഷണസംഘം ഇന്നലെ വൈകിട്ട് ആറോടെ പറവൂര്‍, മാല്യങ്കരയിലെ വസതിയിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. രാത്രി വൈകിയാണു മൊഴിയെടുക്കല്‍ പൂര്‍ത്തിയായത്.
ശക്തമായ അനേ്വഷണമുണ്ടാകുമെന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് അറിയിച്ചതായി യുവതിയുടെ പിതാവ് പറഞ്ഞു. മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും ഫോണില്‍ വിവരങ്ങള്‍ ശേഖരിച്ചു. മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ കഴുത്തില്‍ കുരുക്കി രാഹുല്‍ കൊല്ലാന്‍ ശ്രമിച്ചെന്നും ക്രൂരമായി മര്‍ദിച്ചെന്നും അലറിവിളിച്ച് കരഞ്ഞിട്ടും ഭര്‍തൃവീട്ടില്‍ ആരും സഹായിക്കാനെത്തിയില്ലെന്നും യുവതി മൊഴി നല്കി. മകളെ ബലം പ്രയോഗിച്ചു മദ്യപിപ്പിക്കാനും സിഗരറ്റ് വലിപ്പിക്കാനും ശ്രമിച്ച രാഹുല്‍ അതിന്റെ ഫോട്ടോ എടുത്തിട്ടുണ്ടെന്നും യുവതിയുടെ പിതാവ് പറഞ്ഞു.
മകന്റെ പൊസിഷനൊക്കെ അറിയാമല്ലോ, അതനുസരിച്ചു ചെയ്യുമല്ലോ എന്നൊക്കെയാണു കല്യാണത്തിന് മുമ്പ് അവര്‍ പറഞ്ഞത്. കൊടുത്തതില്‍ കൂടുതല്‍ സ്ത്രീധനം അവര്‍ പ്രതീക്ഷിച്ചിരുന്നു. കല്യാണം കഴിഞ്ഞ് വധുവിനെ ജര്‍മനിയിലേക്കു കൊണ്ടുപോകുമെന്നാണ് രാഹുല്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ ഒമ്പതിനു വിവാഹസല്ക്കാരച്ചടങ്ങിനിടെ രാഹുല്‍ കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുന്നതു കണ്ടവരുണ്ട്. രാഹുല്‍ മുമ്പ് രണ്ടുതവണ മറ്റ് യുവതികളുമായി വിവാഹം നിശ്ചയിച്ചെന്നാണ് അറിയുന്നത്. ഇയാളുടെ പൂര്‍വപശ്ചാത്തലം അനേ്വഷിക്കണമെന്നും കേസിന്റെ തുടര്‍നടപടികള്‍ പറവൂരിലേക്കു മാറ്റണമെന്നും യുവതിയുടെ പിതാവ് ആവശ്യപ്പെട്ടു.
അതേസമയം, പ്രതി രാഹുല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ നല്കി. ജാമ്യമില്ലാവകുപ്പുകളായ വധശ്രമം, സ്ത്രീധനപീഡനം എന്നിവ ചുമത്തപ്പെട്ട സാഹചര്യത്തിലാണ് അറസ്റ്റ് ഒഴിവാക്കാനുള്ള നീക്കം. യുവതി ആണ്‍സുഹൃത്തുക്കളുമായി നിരന്തരം ചാറ്റ് ചെയ്തതു ചോദ്യംചെയ്തതാണു വഴക്കില്‍ കലാശിച്ചതെന്നാണു പ്രതിയുടെ ഭാഷ്യം. പരാതി സ്വീകരിക്കാതെ പന്തീരാങ്കാവ് പോലീസ് മോശമായി പെരുമാറിയെന്നാണു മാതാപിതാക്കളുടെ ആരോപണം. സംഭവം വിവാദമായതോടെയാണു രാഹുലിനെതിരേ കഴിഞ്ഞദിവസം വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയത്. സ്ത്രീധനപീഡനക്കുറ്റവും ചുമത്തിയിട്ടുണ്ട്. ഫറോക്ക് എ.സി.പിക്കാണ് അനേ്വഷണച്ചുമതല.
പോലീസിന്റെ അനാസ്ഥ സംബന്ധിച്ച് സ്വമേധയാ കേസെടുത്ത സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് എസ്.എച്ച്.ഒയ്ക്കെതിരേ അനേ്വഷണത്തിന് ഉത്തരവിട്ടിരുന്നു. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ അനേ്വഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മിഷന് ആക്ടിങ് ചെയര്മാന് കെ. ബൈജുനാഥ് നിര്മദശിച്ചത്. ജൂണില്‍ കോഴിക്കോട് നടക്കുന്ന സിറ്റിങ്ങില്‍ കമ്മിഷന് കേസ് പരിഗണിക്കും.






