
കോഴിക്കോട്; കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ചികിത്സാ പിഴവില്‍ നടപടി സ്വീകരിച്ചു. നാലുവയസുകാരിയുടെ വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടറിനെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്.
കയ്യിലെ ആറാം വിരല്‍ നീക്കം ചെയ്യാനെത്തിയ നാലു വയസ്സുകാരിയ്ക്ക് ശസ്ത്രക്രിയ നടത്തിയത് നാവിലാണെന്ന് പരാതിയുമായി കുടുംബം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്കതിരേയാണ് പരാതി. ഗുരുതര ചികിസ്താപിഴവ് ആരോപിക്കപ്പെട്ട സംഭവം ഇതേ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ യുവതി നീതി തേടി അലയുമ്പോഴാണ്.
കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിയുടെ മകളാണ് നാല് വയസ്സുകാരി. കുഞ്ഞിന്റെ കൈയിലെ ആറാം വിരല്‍ നീക്കുന്ന ശസ്ത്രക്രിയയ്ക്കാണ് ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞ ഡോക്ടര്‍ മാപ്പ് പറഞ്ഞു. പിന്നാലെ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ആറാം വിരല്‍ നീക്കം ചെയ്യുകയും ചെയ്തതായി ബന്ധുക്കള്‍ പറയുന്നു.





