
തിരക്കുപിടിച്ച ജോലിക്കിടയില്‍ ഇടവേളകള്‍ ആഗ്രഹിക്കാത്തതായി ആരും ഉണ്ടാകില്ല. പലരും നീണ്ട യാത്രകളാണ് ഈ അവസരത്തില്‍ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ആശിച്ച് മോഹിച്ച് ഒരു വെക്കേഷന് പോകണം എന്ന് തീരുമാനിച്ചിട്ടും കമ്പിനിയില്‍ നിന്ന് ലീവ് കിട്ടിയില്ലെങ്കില്‍ എന്ത് ചെയ്യും. ചിലര്‍ ആ മോഹം ഉപേക്ഷിക്കും. എന്നാല്‍ ഇവിടെ ഇതാ അരി ചാന്‍സ് എന്ന കനേഡിയന്‍ യുവതി പറയുന്നത് താന്‍ വെക്കേഷന് പോകുന്നതിന് വേണ്ടി ഒരു വേറിട്ട പദ്ധതി തയ്യാറാക്കി എന്നാണ്. പദ്ധതി നടപ്പിലാക്കാന്‍ അവള്‍ക്കൊപ്പം നിന്നതാകട്ടെ അവളുടെ ഇരട്ട സഹോദരിയായ നോയി ചാന്‍സും.
ലീവിന് അപേക്ഷ കൊടുത്തപ്പോള്‍ അരിക്ക് കമ്പനി ലീവ് അനുവദിച്ചില്ല. അങ്ങനെ അവള് തനിക്ക് പകരം തന്റെ ഇരട്ട സഹോദരിയെ ജോലിക്ക് അയക്കാന്‍ തീരുമാനിക്കുകയായിരുന്നു. സഹോദരിയായ നോയിക്കും അത് സമ്മതമായിരുന്നു. എന്നാല്‍ സഹോദരിമാരുടെ പ്ലാന്‍ ആകെ പാളിപ്പോയി. കാരണം ഇന്‍ഫ്ളുവന്‍സര്‍മാരായ അരിയും നോയിയും തങ്ങളുടെ പ്ലാനിന്റെ കാര്യം വിശദമായിത്തന്നെ ടിക്ടോക്കില്‍ പങ്കുവച്ചു. ഉടനെത്തന്നെ ആ വീഡിയോ വൈറലാവുകയും ചെയ്തു. അരിയുടെ കമ്പനി ഉടമയുടെ കണ്ണിലും വീഡിയോ പെട്ടന്നാണ് അവള് അവകാശപ്പെടുന്നത്.
വീഡിയോ കണ്ടതോടെ അരിയ്ക്ക് തന്റെ ഉടമയുടെ മുന്നറിയിപ്പ് ലഭിച്ചത്രേ. 'ലീവ് നിഷേധിച്ചതിന് പിന്നാലെ ഇരട്ട സഹോദരിയെ ജോലിക്ക് അയക്കാനുള്ള തീരുമാനം നിങ്ങളുടെ സഹപ്രവര്‍ത്തകരെയും കമ്പനിയെയും അപമാനിക്കുന്നതിന് തുല്യമാണ്. നിങ്ങളുടെ പ്രവൃത്തി ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റില്ല' എന്നാണ് അരിയുടെ ഉടമ ഇമെയിലില്‍ പറയുന്നത്.
ഒപ്പം ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ എങ്ങനെ പ്രൊഫഷണലായി പെരുമാറണം എന്നും അച്ചടക്കം പാലിക്കണം എന്നും ആ കത്തില്‍ തൊഴിലുടമ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അതേസമയം തന്നെ സഹോദരിമാരുടെ വീഡിയോയും ഉടമ അയച്ചെന്ന് പറയുന്ന ഇമെയിലും എല്ലാം വ്യാജമാണ് എന്നും വൈറലാവാന്‍ വേണ്ടി ഇരട്ടകള്‍ കെട്ടിച്ചമച്ച കഥയാണ് ഇത് എന്നും പലരും കമന്റില്‍ കുറിച്ചു.






