
ആന്ഫീല്ഡ്: ലിവര്പൂളിന് ഉജ്വല വിജയങ്ങള് സമ്മാനിച്ച ജര്മ്മന് പരിശീലകന് യുര്ഗന് ക്ളോപ്പ് ക്ലബ്ബ് വിട്ടു. പ്രീമിയര് ലീഗിന്റെ 2024 സീസണ് പൂര്ത്തിയായതോടെയാണ് ക്ളോപ്പിന്റെ പരിശീലകനായുള്ള കാലയളവ് അവസാനിപ്പിച്ചത്. ഈ സീസണില് ക്ലബ്ബിന് മൂന്നാം സ്ഥാനത്തേ എത്താന് കഴിഞ്ഞുള്ളെങ്കിലും ലിവര്പൂളിന് പ്രീമിയര്ലീഗ് കിരീടം അടക്കമുള്ള നേട്ടങ്ങള് സമ്മാനിച്ചാണ് ക്ളോപ്പ് പടിയിറങ്ങുന്നത്.
ലിവര്പൂള് മാനേജര് എന്ന നിലയില് ജര്മ്മന്കാരന് യുര്ഗന് ക്ലോപ്പിന്റെ അവസാന മത്സരം വോള്വര്ഹാംപ്ടണ് എതിരേയായിരുന്നു. മത്സരം ലിവര്പൂര് 2-0 ന് ജയിച്ചു. ഏറെ വൈകാരികമായിട്ടായിരുന്നു പരിശീലകനോട് ആരാധകരും കളിക്കാരും വിടപറഞ്ഞത്. കളികഴിഞ്ഞ ശേഷം ആലിംഗനം ചെയ്യുമ്പോള് നെതര്ലണ്ട് താരം വിര്ജില് വാന്ഡിക്കും അലക്സാണ്ടര് ആര്നോള്ഡും കരയുന്നത് കാണാമായിരുന്നു.
വോള്വര്ഹാംപ്ടണ് വാണ്ടറേഴ്സിനെ തോല്പ്പിച്ചു കൊണ്ടാണ് ലിവര്പൂള് ആശാന് വിട നല്കിയത്. ഒമ്പത് വര്ഷത്തെ ഭരണത്തില് ക്ലബ്ബിനെ ഉയര്ന്ന നിലയില് കൊണ്ടെത്തിച്ച പരിശീലകന് നന്ദി പറയാനും വിടപറയാനും നൂറുകണക്കിന് ആരാധകരും എത്തിയിരുന്നു. ആന്ഫീല്ഡില് 167 പ്രീമിയര് ലീഗ് മത്സരങ്ങള് ടീമിനെ ഇറക്കിയ ക്ളോപ്പ് 12 എണ്ണത്തില് മാത്രമാണ് തോറ്റത്.
ടീമിനായി മികച്ച താരങ്ങളെ സൃഷ്ടിച്ച ക്ളോപ്പിന്റെ ചുമതലയുള്ള 491-ാം മത്സരവും 299-ാം വിജയവുമായിരുന്നു ലിവര്പൂള് ഇന്നലെ നേടിയത്. ക്ലോപ്പിന്റെ ശ്രദ്ധേയമായ റെക്കോര്ഡ് അദ്ദേഹത്തെ ലിവര്പൂളിന്റെ ഇതിഹാസ താരങ്ങളിലേക്ക് പേരെഴുതി ചേര്ത്തു. അടുത്ത സീസണില് ഫെയ്നൂര്ദില് നിന്ന് വരുന്ന കോച്ചിനായി ലോകോത്തര താരങ്ങളുടെയും വളര്ന്നുവരുന്ന യുവാക്കളുടെയും സമ്മിശ്രണ ടീം കാത്തിരിക്കുകയാണ്.







Comments