
ദില്ലി മെട്രോയിലെ ചില യാത്രക്കാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് റെയിവേ അധികൃതരും മറ്റു യാത്രക്കാരും. സോഷ്യല്‍ മീഡിയയില്‍ ലൈക്കുകള്‍ വാരിക്കൂട്ടാനും ആരാധകരെ സമ്പാദിക്കാനുമെല്ലാം ആളുകള്‍ പല അഭ്യാസ പ്രകടനങ്ങളുമാണ് മെട്രോയ്്ക്കുള്ളില് നടത്തുന്നത്. വസ്ത്രധാരണവും, റീല്‍സ് ചിത്രകീരണവുമെല്ലാം ഇതില്‍പെടുന്നു. പലതവണ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഈ പ്രവണത കൂടുകയാണ്. ഇതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ
മനീഷാ ഡാന്‍സര്‍ എന്ന ഇന്‍സ്റ്റഗ്രാം ഉപഭോക്താവ് മെട്രോയ്ക്കുള്ളില്‍ ഡാന്‍സ് കളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. വീഡിയോയില്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങാനായി മെട്രോയുടെ ഡോറിനടുത്ത് നില്‍ക്കുകയായിരുന്ന ഒരു സ്ത്രീയുടെ മുന്നില്‍ നിന്ന് മനീഷ നൃത്തം ചെയ്യുന്നതാണ് കാണുന്നത്. യുവതിയുടെ നൃത്തം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായപ്പോള്‍ നിരവധി പേര് എഴുതിയത് 'അശ്ലീലം' എന്നായിരുന്നു. ഇത്തരം വില കുറഞ്ഞ ഇനങ്ങള്‍ പൊതു സ്ഥലങ്ങളില്‍ അനുവദിക്കരുതെന്ന് എഴുതിയവരും കുറവല്ല. നിരവധി പേര് യുവതിയില്‍ നിന്നും പിഴ ഈടാക്കമെന്ന് ആവശ്യപ്പെട്ടു.
നെഗറ്റീവ് പബ്ലിസിറ്റിയും ഒരു പബ്ലിസിറ്റിയാണ് എന്നായിരുന്നു മറ്റ് ചിലരുടെ നിരീക്ഷണം. '@OfficialDMRC -യുടെ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാണെന്ന് ഞാന്‍ കരുതുന്നില്ല. വീഡിയോയിലുള്ള വ്യക്തിക്ക് ഇത്തരമൊരു സംഭവത്തിന് 10,000 രൂപ വച്ച് പിഴ ചുമത്താമോ? എങ്കില്‍ ഇത്തരം അസംബന്ധം അവസാനിക്കും.' ഒരു കാഴ്ചക്കാരന് എഴുതി. ' വെറുപ്പുളവാക്കുന്നു. കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. ഒപ്പം കര്‍ശനമായ പിഴകളും ചുമത്തണം. ഇത്തരം ആളുകളെ നിയന്ത്രിക്കാന്‍ അതല്ലാതെ മറ്റ് മാര്‍ഗമില്ല' മറ്റൊരു കാഴ്ച്ചക്കാരന് കുറിച്ചു.






