
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ഹൈക്കോടതി വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ചുകൊണ്ട് ഉത്തരവിട്ടു.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇതുസംബന്ധിച്ച നിര്‍ണായക വിധി പറഞ്ഞത്. പ്രതിയുടെ കേസില്‍ നിന്നും കുറ്റവിമുക്തനാക്കി വെറുതെവിടണമെന്നാണ് ആവശ്യവും ഹൈക്കോടതി തള്ളി.
ജിഷയുടെ അമ്മയും സഹോദരിയും കോടതി വിധി കേള്‍ക്കാൻ എത്തിയിരുന്നു. അസാം സ്വദേശിയായ അമിറുൾ ഇസ്ലാമിനെതിരെ കൊലപാതകം, ബലാൽസംഗം, മാരകമായി മുറിവേൽപ്പിക്കൽ, അതിക്രമിച്ചുകയറൽ, തുടങ്ങിയ കുറ്റങ്ങളാണ് നേരത്തെ തെളിഞ്ഞത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും പോലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് പ്രതിയുടെ അപ്പീലിലെ വാദം. 2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരില്‍ നിയമ വിദ്യാർഥിനി കൊല്ലപ്പെട്ടത്.






