
ഐസിഎംആര്‍ കോവാക്സിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള പഠനത്തിനെതിരെ രംഗത്തു വന്നതിന് പിന്നാലെ വിഷയം പരിശോധിക്കുമെന്ന് ബനാറസ് ഹിന്ദു സര്‍വകലാശാല. വാര്‍ത്താ കുറിപ്പിലൂടെയാണ് സര്‍വകലാശാല അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഡോ. ശങ്ക ശുഭ്ര ചക്രബര്‍ത്തിയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. കോവാക്സിന് സ്വീകരിച്ച 926 പേരില്‍ പകുതി പേര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയെന്നായിരുന്നു പഠനം.
പഠന റിപ്പോര്‍ട്ടില്‍ ഐസിഎംആറിനെ ഉദ്ദരിച്ചത് നീക്കണമെന്നാവശ്യപ്പെട്ടും പഠനം അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടിയുമാണ് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ രാജീവ് ബാല്‍ റിപ്പോര്‍ട്ട് തയാറാക്കിയവര്‍ക്ക് കത്തയച്ചത്. ഐസിഎംആര്‍ ഒരു തരത്തിലും ഈ പഠനവുമായി സഹകരിച്ചിട്ടില്ല. ഐസിഎംആറിനെ ഉദ്ധരിച്ചത് തെറ്റായിട്ടാണ്. പഠനം സംബന്ധിച്ച് അവ്യക്തതകള്‍ ഏറെ ഉണ്ടെന്നും വിവര ശേഖരണ രീതി പോലും ശരിയല്ലെന്നും രാജീവ് ബാല്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കോവാക്സിന് സ്വീകരിച്ച മൂന്നിലൊന്ന് ആളുകള്‍ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായെന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തല്‍. ഈ പഠനത്തില്‍ ഐസിഎംആറിനെ ഉദ്ധരിച്ചത് പാടേ തള്ളിക്കൊണ്ടാണ് ഡയറക്ടര്‍ ജനറല്‍ രംഗത്തെത്തിയത്. തട്ടിക്കൂട്ട് പഠനമാണിതെന്നാണ് ആരോപണം. 926 ആളുകളുടെ വിവരങ്ങളാണ് ശേഖരിച്ചത്. ആളുകളെ തെരഞ്ഞെടുത്തതില്‍ ഉള്‍പ്പെടെ പക്ഷപാതിത്വം ഉണ്ടാവാനുള്ള സാധ്യതയും രാജീവ് ബാല്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.






