
ആലുവ : പെരിയാര്‍ നദിയില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. കളമശ്ശേരി , ഏലൂര്‍ ഭാഗത്താണ് മീനുകള്‍ ചത്തുപൊങ്ങിയത്. എടയാര്‍ വ്യവസായ മേഖലയില്‍ രാസമാലിന്യങ്ങള്‍ പുഴയിലേക്ക് തളളിയെന്നാണ് നാട്ടുകാരുടെ ആക്ഷേപം. മത്സ്യകര്‍ഷകര്‍ക്ക് കോടികളുടെ നഷ്ടമാണ് ആകെ ഉണ്ടായിരിക്കുന്നതെന്ന് മത്സ്യകര്‍ഷകര്‍ മാധ്യമങ്ങളോട് പറഞ്ഞു.മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുമ്പോഴും അധികൃതര്‍ ഇടപെട്ടിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
സംഭവം വാര്‍ത്തയായതിന് പിന്നാലെ ആരോഗ്യവിഭാഗം പരിശോധന നടത്തി. പോലീസുംവരാപ്പുഴ മാര്‍ക്കറ്റില്‍ പഞ്ചായത്ത് ആരോഗ്യവിഭാഗവും പരിശോധന നടത്തിയത്. സംഭവം സ്ഥലത്ത് എംഎല്‍എ ടിജെ വിനോദ് സന്ദര്‍ശനം നടത്തി.ഏത് കമ്പനിയാണ് നിയമലംഘനം നടത്തിയതെന്ന് കണ്ടുപിടിക്കണം. വളരെ ദൗർഭാഗ്യകരമായ സാഹചര്യമാണെന്നും കമ്പനികളുടെ നടപടി കുറ്റകരമായതെന്നും എംഎല്‍എ പറഞ്ഞു. മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും കത്തയക്കുമെന്നും മത്സ്യ കർഷകർക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും എംഎല്‍എ പറഞ്ഞു.
പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് ചത്ത മത്സ്യങ്ങളെ കൂട്ടത്തോടെ കണ്ടത്. ശക്തമായ മഴക്കിടെ വ്യവസായ ശാലകളിൽ നിന്ന് പുഴയിലേക്ക് രാസമാലിന്യങ്ങൾ ഒഴുക്കിയതിനെ തുടർന്ന് ചത്തതെന്നാണ് പ്രാഥമിക നിഗമനം. മാലിന്യം ഒഴുക്കിയതിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് പ്രദേശവാസികള്‍ .






