
എത്ര പരിശീലനം നല്കി മെരുക്കിയെടുത്താലും ചില സമയങ്ങളില്‍ മൃഗങ്ങള്‍ അവയുടെ തനി സ്വരൂപം പുറത്തുകാണിക്കാറുണ്ട്. പ്രത്യേകിച്ചും സിംഹവും കടുവയും പോലെയുള്ള വന്യമൃഗങ്ങള്‍. കാരണം മനുഷ്യനോട് ഇണങ്ങുക എന്നത് ഇവയെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും ചില മൃഗസംരക്ഷ കേന്ദ്രങ്ങള്‍ കൃത്യമായ പരിശീലനം നല്‍കുകയും പുറത്തുനിന്നുള്ള സന്ദര്‍ശകര്‍ക്ക് ഇവയുമായി അടുത്ത് ഇടപഴകാനുള്ള അവസരം ഒരുക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍പോലും ഇവയുടെ ആക്രമണങ്ങള്‍ നേരിട്ടേക്കാം. അതുകൊണ്ട് തന്നെ ഇവയ്ക്കരികില്‍ നിന്നുള്ള ഇത്തരം സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോ.
@FAFO_TV എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ കൂട്ടില്‍ ഇരിക്കുന്ന ഒരു സിംഹത്തെയും അതിന്റെ പരിശീലകനെയും കൂടെ ഒരു സന്ദര്‍ശകനെന്ന് തോന്നിക്കുന്ന ഒരു യുവാവിനെയുമാണ് കാണുന്നത്. തുടര്‍ന്ന് ഷര്‍ട്ടും പാന്റുമൊക്കെ ധരിച്ച ഈ യുവാവ് സിംഹത്തിന്റെ കൊഞ്ചിക്കാന് പോകുന്നതും തലയില്‍ തലോടാന്‍ ശ്രമിക്കുന്നതുമാണ് കാണുന്നത്. എന്നാല്‍ യുവാവ് സിംഹത്തെ തൊട്ടതും അത് ചാടിയെണീറ്റ് യുവാവിന്റെ നേര്‍ക്ക് തിരിയുകയും ആക്രമിക്കുകയും ചെയ്യുന്നതാണ് കാണുന്നത്. സിംഹം അയാളുടെ മേലെ ചാടിവീണു. യുവാവ് ആകട്ടെ ഭയന്ന് വിറച്ച് അവിടെ നിന്നും ഓടുന്നതും കാണാം. എന്നാല്‍ സിംഹം അയാള്‍ക്ക് പിന്നാലെ ഓടുകയാണ്.
സിംഹം യുവാവിന്റെ മേലെ കയറാന്‍ നോക്കുമ്പോള്‍ സിംഹത്തെ പരിചരിക്കുന്ന ആള് സിംഹത്തെ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുകയാണ്. ഈ സമയം യുവാവ് ഓടി കൂട്ടിന് വെളിയില്‍ ഇറങ്ങി രക്ഷപ്പെടുന്നതാണ് കാണുന്നത്. വൈറലായ വീഡിയോയ്ക്ക് താഴെ നിരവധിപേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. യുവാവ് ഇനി മേലാല്‍ ഒരു മൃഗത്തിന്റെ അടുത്ത് പോകില്ല എന്നാണ് ഒരാള്‍ കുറിച്ചത്. യുവാവ് ഉടലോടെ സ്വര്‍ഗത്തിലെത്തി എന്നായിരുന്നു മറ്റൊരാള്‍ തമാശയായി പറഞ്ഞത്.
— Fck Around N Find Out (@FAFO_TV) May 18, 2024






