
പത്തനംതിട്ട; വിരോധം മൂലം ഭാര്യയെ വെട്ടികൊലപ്പെടുത്തിയ കോൃസില് പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷയും പിഴയും. 50000 രൂപയാണ് പിഴ. തങ്കച്ചന് എന്ന് വിളിക്കുന്ന സി പി ഡാനിയേലിനെയാണ് കോടതി ശിക്ഷിച്ചത്.
ഭാര്യ സെലിന് എന്ന് വിളിക്കുന്ന റേച്ചല്‍ ഡാനിയേലി(54)നെയാണ് 2017 ഫെബ്രുവരി 18 ഉച്ചക്ക് ശേഷം വീട്ടുപറമ്പിലിട്ട് ഡാനിയേല്‍ വെട്ടുകത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ഭര്‍ത്താവിനെതിരെ പത്തനംതിട്ട ജെ എഫ് എം കോടതിയില്‍ കേസുകള്‍ നല്കിയതും, സെലിന്റെ കൈവശാവകാശത്തിലുള്ള വസ്തുവിലെ ആഞ്ഞിലിത്തടിയും മറ്റു തടികളും വിറ്റുകിട്ടിയ തുകയിലെ വിഹിതം നല്‍കാത്തതും മറ്റും കാരണമാണ് ഡാനിയേല്‍ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇയാള്‍ക്ക് ഭാര്യയെ സംശയവുമുണ്ടായിരുന്നു.
നിരന്തരമുള്ള ഭര്‍ത്താവിന്റെ മര്‍ദ്ദനം കാരണം കോടതിയില്‍ നിന്നും 2011-12 കാലയളവില്‍ രണ്ടു തവണ സെലിന് സംരക്ഷണ ഉത്തരവ് സമ്പാദിച്ചിരുന്നു. വില്ലേജില്‍ കയറരുതെന്ന് ഇയാള്‍ക്കെതിരെ നിയന്ത്രണ ഉത്തരവും നിലനിന്നിരുന്നു. പിന്നീട് പലരും ഇടപെട്ടതുകാരണം ഇരുവരും ഒരുമിച്ചുതാമസിച്ച് തുടങ്ങി ഒരാഴ്ച്ചക്കു ശേഷമാണ് കൊലപാതകം നടന്നത്.






