
കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെക്കുറിച്ച് പഠിക്കാനെത്തിയ കർണാടക ധനകാര്യ കമ്മീഷൻ അംഗങ്ങളുമായി മന്ത്രി എം ബി രാജേഷ് കൂടിക്കാഴ്ച നടത്തി . കേരളത്തിന്റെ പ്രവർത്തനം അധികാര വികേന്ദ്രീകരണത്തിൽ മാതൃകാപരമാണെന്ന് കർണാടക ധനകാര്യ കമ്മീഷൻ അംഗങ്ങള്‍ അഭിപ്രായപ്പെട്ടതായി മന്ത്രി പറഞ്ഞു. കേരളത്തിന്റെ പൊതു വിതരണം, തദ്ദേശ ഭരണം, ഇ ഗവേണൻസ് തുടങ്ങിയ മേഖലകളിലെ ഒട്ടേറെ മാതൃകകള്‍ കര്‍ണാടകം പകര്‍ത്തിയ അനുഭവങ്ങളുണ്ടെന്നും സംഘം പറഞ്ഞു.
കേരളത്തില്‍ നടപ്പിലാക്കിയ കെ സ്മാർട്ട് പദ്ധതി കർണാടകയിലും നടപ്പിലാക്കാനുള്ള ധാരണാപത്രം ഒപ്പിട്ടിരുന്നു. കർണാടക ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ഡോ. സി നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിൽ കമ്മീഷന് അംഗങ്ങളായ മൊഹമ്മദ് സനവുള്ള, ആർ എസ് ഫോൻഡെ തുടങ്ങിയവരുമുണ്ട്. തൃശൂർ കിലയിൽ നടന്ന കൂടിക്കാഴ്ചയിൽ കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമണും പങ്കെടുത്തു.
കേരളം നടപ്പിലാക്കുന്ന അതിദാരിദ്ര്യ നിർമ്മാർജന പരിപാടി രാജ്യത്തിന് മാതൃകയാണെന്ന് സംഘം അഭിപ്രായപ്പെട്ടു. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ പുരോഗതിയും ചർച്ചയായി. കർണാടകയിൽ ഭരണഘടനാ സാക്ഷരതാ പരിപാടി ആരംഭിക്കാൻ കേരളം നൽകിയ പിന്തുണയ്ക്ക് സംഘം നന്ദി അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. ഇരു സംസ്ഥാനങ്ങളിലെയും കെട്ടിട നികുതി, പെർമ്മിറ്റ് ഫീസ് ഘടന എന്നിവയും ചർച്ചയായി. കേരളത്തിലെ പെർമ്മിറ്റ് ഫീസും കെട്ടിടനികുതിയും കർണാടകയുമായി താരതമ്യം ചെയ്യുമ്പോള്‍ എങ്ങനെ വളരെ കുറവാണെന്ന കാര്യവും സംഘത്തോട് വിശദീകരിച്ചു.






