
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാര്‍ കോഴ വിവാദത്തിന്റെ സൂചന നല്കി ഹോട്ടല്‍ അസോസിയേഷിന്റെ ശബ്ദരേഖ പുറത്ത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാര്‍ സമയം കൂട്ടാനും പണപ്പിരിവ് ആവശ്യപ്പെട്ട് വാട്സാപ്പിലൂടെ നല്കിയ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. പണം കൊടുത്താല്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പുതിയ മദ്യനയം വരുമെന്നും ഡ്രൈഡേയുമായി ബന്ധപ്പെട്ടുള്ളതുമായ കാര്യങ്ങളാണ് ഇതിലുള്ളത്.
ബാര്‍ ഉടമകളുടെ സംഘടനയായ ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന് ഇടുക്കി ജില്ലാ പ്രസിഡന്റും സംഘടനയുടെ വൈസ് പ്രസിഡന്റുമായ അനിമോന്റെ ശബ്ദമാണ് പുറത്തുവന്നത്. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്‍ദേശിക്കുന്നതാണ് ഇതിലുള്ളത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാര്‍ സമയം കൂട്ടാനും ഒരാള്‍ രണ്ടര ലക്ഷം രൂപ നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്.
'പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം വച്ച് കൊടുക്കാന്‍ പറ്റുന്നവര്‍ നല്‍കുക. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പുതിയ മദ്യനയം വരും. അതില്‍ ഡ്രൈ ഡേ എടുത്ത് കളയും. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും. അത് ചെയ്ത് തരാന്‍ കൊടുക്കേണ്ടത് കൊടുക്കണം'' ഇങ്ങിനെയാണ് ശബ്ദസന്ദേശത്തിലുള്ളത്. പിരിവ് പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണെന്നും ബാര്‍ ഉടമകള്‍ക്കുള്ള സന്ദേശത്തില്‍ പറയുന്നു.
ബാര്‍ ഉടമകളുടെ സംഘടനയുടെ എക്സ്ക്യൂട്ടിവ് യോഗം ഇന്നലെ കൊച്ചിയില്‍ ചേര്‍ന്നിരുന്നു. യോഗസ്ഥലത്ത് നിന്നാണ് ശബ്ദസന്ദേശം അയയ്ക്കുന്നതെന്നും അനിമോന് പറയുന്നുണ്ട്. ഡ്രൈ ഡേ ഒഴിവാക്കാനും ബാറുകളുടെ സമയം കൂട്ടല്‍ അടക്കം ബാറുടമകളുടെ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ശബ്ദ സന്ദേശം പുറത്തു വരുന്നത്. ഇടുക്കിയില്‍ നിന്നും സംഘടനയില്‍ അംഗമായവരുടെ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ശബ്ദസന്ദേശമെത്തിയത്. പിന്നീട് സന്ദേശം ഡിലീറ്റ് ചെയ്തു.






