
പുനെ: പോര്‍ഷെ ഓടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതിയായ കൗമാരക്കാരന് പോലീസ് കസ്റ്റഡിയില്‍ വി.ഐ.പി. പരിഗണനയെന്ന് ആരോപണം. യേര്‍വാഡ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലുള്ള പതിനേഴുകാരന് ഉദ്യോഗസ്ഥര്‍ ബര്‍ഗറും പിസയും വിതരണം ചെയ്യുന്നുവെന്ന് പ്രതിപക്ഷ കക്ഷിയായ വഞ്ചിത് ബഹുജന്‍ അഘാഡി നേതാവും മുന്‍ എം.പിയുമായ പ്രകാശ് അംബേദ്കര്‍ ആരോപിച്ചു.
മദ്യപിച്ച് വാഹനമോടിച്ച് രണ്ടു പേരെ കൊന്നയാളെ ചോദ്യം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ സമയം മരിച്ച ഐടി ജീവനക്കാരായ അനീഷ് അവാധ്യയയും അശ്വിനി കോഷ്തയുംതമ്മിലുള്ള ബന്ധം അറിയാനാണ് പോലീസ് ശ്രമിക്കുന്നതെന്നും എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രകാശ് അംബേദ്കര്‍ ആരോപിച്ചു. കസ്റ്റഡിയിലെടുത്ത കൗമാരക്കാരന് മദ്യപിച്ചിട്ടുണ്ടോയെന്നറിയാനുളള പരിശോധന എട്ടു മണിക്കൂറിനു ശേഷമാണ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധിയും കേസില്‍ പോലീസിനെതിരേ വിമര്‍ശനമുന്നയിച്ചു.
''സമ്പന്ന കുടുംബത്തിലെ കൗമാരക്കാരന് മദ്യപിച്ച് വാഹനമോടിച്ച് രണ്ടുപേരെ കൊന്നപ്പോള്‍ ഉപന്യാസം എഴുതിക്കൊടുത്ത് പോകാനാണ് പറഞ്ഞത്. ബസ്, ട്രക്ക്, ഓട്ടോ, കാര്‍ ഡ്രൈവര്‍മാരോട് എന്തുകൊണ്ടാണ് ഉപന്യാസം ആവശ്യപ്പെടാത്തത്?''രാഹുല്‍ ഗാന്ധി ചോദിച്ചു. ആഡംബര പോര്‍ഷെ കാര്‍ ഓടിച്ചിരുന്ന 17 വയസുകാരനു പകരം മറ്റൊരു ഡ്രൈവറെ സംഭവത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടന്നിരുന്നതായി പുനെ പോലീസ്.
അപകടത്തിനു തൊട്ടുപിന്നാലെയാണ് 17 വയസുകാരനെ രക്ഷിക്കുന്നതിനായി ഡ്രൈവര്‍മാരെ മാറ്റാന്‍ ശ്രമം നടന്നത്. കുറ്റം ഏറ്റെടുക്കണമെന്നു പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ മാതാപിതാക്കള്‍ ഒരു ഡ്രൈവറോട് ആവശ്യപ്പെട്ടെന്നും പണം വാഗ്ദാനം ചെയ്തെന്നും പുനെ പോലീസ് പറഞ്ഞു.
കാര്‍ ഓടിച്ചിരുന്നത് താനാണെന്നു മറ്റൊരു ഡ്രൈവര്‍ പറഞ്ഞിരുന്നു. ആരുടെ സമ്മര്‍ദം മൂലമാണ് ഇങ്ങനെ മൊഴി നല്‍കിയതെന്ന് അന്വേഷിക്കുന്നുണ്ടെന്നു പുനെ പോലീസ് കമ്മിഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു. ആഡംബര കാര്‍ ഓടിച്ചിരുന്നത് 17 വയസുകാരനാണെന്നു തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാറോടിച്ചയാള്‍ പബ്ബില്‍ മദ്യം കഴിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്. രക്ത പരിശോധന റിപ്പോര്‍ട്ട് മാത്രമല്ല, മറ്റു തെളിവുകളുമുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ, പന്ത്രണ്ടാം ക്ളാസ് പരീക്ഷാഫലം ആഘോഷിക്കാന്‍ പൂനെയിലെ രണ്ടു പബ്ബുകളില്‍ സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച പതിനേഴുകാരന് ഓടിച്ച കാര്‍ കല്യാണിനഗര്‍ പ്രദേശത്തെ രണ്ട് ഐടി പ്ര?ഫഷണലുകളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അനീഷ് അവാധ്യയ (24), അശ്വിനി കോഷ്ത (25) എന്നിവരാണു മരിച്ചത്.
അതിനിടെ, കാറപകടമുണ്ടാക്കിയ കൗമാരക്കാരന്റെ പിതാവിനെ സിറ്റി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഏഴു ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നു പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇയാള്‍ അന്വേഷണത്തോടു സഹകരിക്കാത്തതിനാല്‍ കൂടുതല്‍ ചോദ്യംചെയ്യണമെന്നും പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് ലഹരി നല്‍കിയതിനും വാഹനമോടിപ്പിച്ചതിനുമാണ് പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഇയാളെ അറസ്റ്റ് ചെയ്തത്. പ്ലസ്ടു വിജയം ആഘോഷിക്കാന്‍ പബ്ബില്‍ പോയി മദ്യപിച്ച് മടങ്ങുകയായിരുന്നു പ്രതിയും കൂട്ടുകാരും.
അതേസമയം, കൗമാരക്കാരനായ പ്രതിക്ക് കസ്റ്റഡിയില്‍ വി.ഐ.പി. പരിഗണന ലഭിച്ച സംഭവം വിവാദമായതോടെ കേസില്‍ പ്രോട്ടോക്കോള്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നു പോലീസ് അന്വേഷിക്കും. യേര്‍വാഡ പോലീസ് േസ്റ്റഷനിെല ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഇതുമായി ബന്ധപ്പെട്ട് എ.സി.പി. അശ്വിനി രാഖ് ചോദ്യംചെയ്യും. േപാലീസ് പ്രതിയോട് ലാഘവത്തോടെ പെരുമാറുന്നുവെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
രണ്ടുപേര്‍ കൊല്ലപ്പെട്ട കേസായിട്ടും റോഡ് സുരക്ഷയെക്കുറിച്ച് 300 വാക്കുകളുള്ള ഉപന്യാസം എഴുതുകയെന്നതാണ് പോലീസ് പ്രതിക്ക് നല്കിയ ശിക്ഷ. സംഭവം നടന്ന് 15 മണിക്കൂറിനുള്ളില്‍ 7,500 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ പ്രതിയെ വിട്ടയച്ച ജുവനൈല്‍ ബോര്‍ഡ് നടപടിക്കെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച ജാമ്യം റദ്ദാക്കി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ജൂണ്‍ 5 വരെ റിമാന്‍ഡിലാക്കുകയും ചെയ്തു.






