
കൊച്ചി: രണ്ടാനച്ഛന്റെ ക്രൂരപീഡനത്തിനിരയായ ഏഴു വയസുകാരനെ ഹൈക്കോടതി സ്വന്തം പിതാവിനു വിട്ടുനല്‍കി. കുട്ടിയെ അമ്മയുടെ മുന്പില് കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചതിന് അമ്മയുടെ രണ്ടാം ഭര്‍ത്താവും ആറ്റുകാല്‍ സ്വദേശിയുമായ അനുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബാലനീതി നിയമപ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. കാലില്‍ കെട്ടിത്തൂക്കി ചങ്ങലകൊണ്ടും നായയെ കെട്ടുന്ന ബെല്‍റ്റുകൊണ്ടും കുട്ടിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കു കൈമാറുകയായിരുന്നു. കുട്ടി അതിക്രൂരമായ പീഡനത്തിനിരയായെന്ന വാര്‍ത്ത കണ്ട് യഥാര്‍ഥ പിതാവ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ പിതാവ് ജില്ലാ കലക്ടറെയും സമീപിച്ചെങ്കിലും പരിഹാരമായില്ല.
തുടര്‍ന്നാണ് അഡ്വ. ജിബു പി. തോമസ് മുഖേന പിതാവ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ടി.ആര്. രവിയാണ് കുട്ടിയെ പിതാവിനു വിട്ടു നല്കാന് ഉത്തരവിട്ടത്. കുട്ടിയുടെ തുടര്‍ന്നുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്കി.






