
ചണ്ഡീഗഡ്: ദേരാ സച്ചാ സൗദ തലവനും വിവാദ ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹീമിനെ മുന്‍ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി കുറ്റവിമുക്തനാക്കി. ദേരയുടെ മുന്‍ മാനേജരായിരുന്ന രഞ്ജിത് സിംഗ് 2002-ല്‍ വെടിയേറ്റ് മരിച്ച കേസിലാണ് നടപടി. ഹരിയാനയിലെ സിര്‍സയിലെ ദേര ആസ്ഥാനത്ത് റാം റഹീം സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതെങ്ങനെയെന്ന് വിവരിക്കുന്ന അജ്ഞാത കത്ത് പ്രചരിപ്പിച്ചതിന് പിന്നിലെ പങ്ക് സംശയിച്ചാണ് കൊലപാതകമെന്നാണ് ആരോപണം.
2021-ല്‍ സിബിഐ കോടതി കൊലപാതകക്കേസില്‍ റാം റഹീമിനെയും മറ്റ് നാല് പേരെയും കുറ്റക്കാരായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 56 കാരനായ ദേര മേധാവി ഈ ശിക്ഷയെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. ദേരയിലെ രണ്ട് തപസ്വിനികളെ ബലാത്സംഗം ചെയ്ത കേസിലും മാധ്യമപ്രവര്ത്തകന് രാം ചന്ദര്‍ പ്രജാപതിയെ കൊലപ്പെടുത്തിയ കേസിലും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് റാം റഹീം.
ഗുര്‍മീത് റാം റഹീമിനെതിരെ ഞെട്ടിക്കുന്ന ലൈംഗികാരോപണങ്ങള്‍ ഉയരുകയും സിബിഐ അന്വേഷണം ആരംഭിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ദേര സച്ചാ സൗദ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അന്വേഷണം ആരംഭിച്ച് ഒരു ദശാബ്ദത്തിന് ശേഷം 2014ല്‍ ദേര മേധാവി താന്‍ ലൈംഗിക ശേഷി ഇല്ലാത്തവനാണെന്ന് അവകാശപ്പെട്ടിരുന്നുവെങ്കിലും കോടതി ഇത് നിരസിച്ചു.
2017-ല്‍ അദ്ദേഹത്തിന്റെ ശിക്ഷ പല മേഖലകളിലും അക്രമത്തിനും കലാപത്തിനും തീവെപ്പിനും കാരണമായി. 30 പേര് മരിച്ചു, 250-ലധികം പേര്‍ക്ക് പരിക്കേറ്റു, സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സൈന്യത്തെ വിളിക്കേണ്ടി വന്നു. റാം റഹീം ഇപ്പോള്‍ 20 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. തന്റെ ശിക്ഷയെ ഹൈക്കോടതിയില്‍ അദ്ദേഹം ചോദ്യം ചെയ്തിട്ടുണ്ട്.






