
1. തുറന്ന് സംസാരിക്കണം
അമ്പത് വയസ്സ് കഴിഞ്ഞ പല ദമ്പതികളും ലൈംഗികജീവിതത്തില്‍ ആനന്ദവും ആവേശവുമൊക്കെ ആഗ്രഹിക്കുന്നവരാണെങ്കിലും അവരുടെ ഇണയോട് ഇതിനെപ്പറ്റി തുറന്ന് ചര്‍ച്ച ചെയ്യാന്‍ കൂട്ടാക്കുന്നില്ല. ശാരീരിക കാരണങ്ങളാല്‍ ലൈംഗികസംഗമത്തിന്റെ മുറകളിലും രീതികളിലും മാറ്റം കാംക്ഷിക്കുന്നവരുണ്ടാവാം. അതില്‍നിന്ന് പ്രതീക്ഷിക്കുന്ന ഫലത്തിനും അത് സാധിക്കാന്‍ തേടുന്ന വഴികളിലുമൊക്കെ മാറ്റം വന്നേക്കാം. ഇത്തരം കാര്യങ്ങള്‍ പങ്കാളിയോട് തുറന്ന് സംസാരിക്കുന്നതാണ് തെറ്റിദ്ധാരണകള്‍ മാറാന്‍ ഏറ്റവും നല്ല മാര്‍ഗം.
2. ഡോക്ടറോട് തുറന്ന് സംസാരിക്കുക
ദീര്‍ഘകാലരോഗങ്ങള്‍ പലപ്പോഴും ലൈംഗികജീവിതത്തെ ബാധിക്കാറുണ്ട്. ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിങ്ങനെയുള്ള രോഗങ്ങള്‍ ഇന്ന് സര്‍വ്വസാധാരണമായിരിക്കുന്നു. ഇത്തരം രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആധുനിക മരുന്നുകള്‍ ലൈംഗികജീവിതത്തെ സാരമായി ബാധിക്കും. അതുകൊണ്ട് രോഗങ്ങളെപ്പറ്റി കഴിക്കുന്ന മരുന്നുകളെപ്പറ്റിയുമൊക്കെ വിശദമായി ഡോക്ടറോട് സംസാരിക്കുക. സംയോഗവേളയിലുണ്ടാകുന്ന വേദന, ഉദ്ധാരണവൈകല്യങ്ങള്‍, യോനീകവാടത്തില്‍ സ്രവത്തിന്റെ അഭാവം കൊണ്ടോ മാര്‍ദ്ദവമില്ലായ്മകൊണ്ടോ പ്രായാധിക്യം കൊണ്ടുണ്ടാകുന്ന പേശീശോഷം കൊണ്ടോ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവ ചികിത്സിച്ച് ഭേദമാക്കാവുന്നേതയുള്ളൂ.
3. വ്യായാമം ശീലമാക്കുക
വ്യായാമത്തിന്റെ ഗുണങ്ങള്‍ എത്ര പറഞ്ഞാലും തീരില്ല. പല ലൈംഗിക പ്രശ്‌നങ്ങള്‍ക്കും വ്യായാമം ഒരു നല്ല ഉറ്റമൂലിയാണ്. അതിന് യോഗാഭ്യാസവും നടത്തവും തന്നെ ധാരാളം. ഉദ്ധാരണവൈകല്യങ്ങള്‍ മിക്കവയും അകറ്റാന്‍ വ്യായാമം കൊണ്ട് സാധിക്കും. പേശികളുടെ ശോഷണം തടയാനും വേദനാജനകമായ പേശീസങ്കോചങ്ങളകറ്റാനും മറ്റും വ്യായാമം കൊണ്ട് കഴിയും.
4. അവസരങ്ങളുണ്ടാക്കുക
മധ്യവയസ്സില്‍ ശൂന്യമായ വീടും അതുളവാക്കുന്ന വിങ്ങലുമാണ് പ്രശ്‌നമെങ്കില്‍ വാര്‍ധക്യത്തില്‍ അവസര ദൗര്‍ലഭ്യമാണ് പലപ്പോഴും പ്രശ്‌നം. വാര്‍ധക്യത്തില്‍ മക്കളോടൊപ്പമോ, വൃദ്ധാശ്രമത്തിലോ കഴിയേണ്ടിവരുന്നവര്‍ക്ക് പലപ്പോഴും ജീവിതപങ്കാളിയുമായി ശമിക്കാനൊരു കിടപ്പറയുടെ സൗകര്യം പലപ്പോഴും കിട്ടാറില്ല. പല പല കാരണങ്ങള്‍ കൊണ്ടും വൃദ്ധ ദമ്പതികള്‍ക്ക് സ്വകാര്യമായി കഴിയാനും സംഗമിക്കാനുമുള്ള അവസരം പലപ്പോഴും ലഭിക്കാറില്ല എന്നതാണ് സത്യം. അത് ആവശ്യപ്പെടാന്‍ ദമ്പതികള്‍ തുനിയുന്നുമില്ല. ഈ സ്ഥിതി മാറണം.






