
ദീര്‍ഘദൂര യാത്രകള്‍ നാത്താത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇത്തരത്തില്‍ യാത്ര ചെയ്തിട്ടുള്ള പല ആളുകള്‍ക്കും ഭയം ഉളവാക്കുന്ന തരത്തിലുള്ള എന്തെങ്കിലും ഒക്കെ അനുഭവങ്ങള്‍ ഒരു തവണ എങ്കിലും ഉണ്ടായിട്ടുണ്ടാകും. അത് ചിലപ്പോള്‍ സ്ഥലങ്ങള്‍ ആകാം, ആളുകളാകാം അതുമല്ലെങ്കില്‍ വിചിത്രമായ ചില വഴികളാകാം. ഇവിടെയും ഒരു റോഡ് തന്നെയാണ് അല്പം പ്രശ്നക്കാരന്‍. ഈ റോഡിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ നെറ്റീസണ്‍സില്‍ ഞെട്ടല്‍ സൃഷ്ടിച്ചിരിക്കുന്നത്. വീഡിയോയില്‍ കാണുമ്പോള്‍ തന്നെ നമ്മളെ ഭയപ്പെടുത്തുകയും വഴി തെറ്റിക്കുകയുമൊക്കെ ചെയ്യുന്ന ഒരു തുരങ്കപാതയാണ് കാണാനാകുന്നത്.
പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ വലിയ ഒരു റോഡില്‍ നിന്നും ഇരുണ്ട ഇടുങ്ങിയ ഒരു തുരങ്കത്തിലേക്ക് ഒരു കാര്‍ പ്രവേശിക്കുന്നു. പിന്നീട് ആ കാര്‍ മുന്നോട്ട് സഞ്ചരിക്കുമ്പോഴാണ് എത്രമാത്രം ഭയപ്പെടുത്തുന്നതാണ് ആ തുരങ്കം എന്ന് മനസ്സിലാകുക. വളഞ്ഞും പുളഞ്ഞുമുള്ള ഇടുങ്ങിയ പാത. വാഹനത്തിന്റെ ലൈറ്റ് അല്ലാതെ മറ്റൊരു വെളിച്ചവും എവിടെയുമില്ല. ആകെയുള്ളത് അവിടവിടെയായി തുരങ്കത്തിന്റെ ഭിത്തിയില്‍ പതിപ്പിച്ചിരിക്കുന്ന ദിശ സൂചിപ്പിക്കുന്ന ചെറിയ ബോര്‍ഡുകള്‍ മാത്രം. ഡ്രൈവറുടെ മനോധൈര്യം ഒരു നിമിഷം നഷ്ടമായാല്‍ മതി ആ തുരങ്കത്തിനുള്ളില്‍ കുടുങ്ങി പോകാന്‍. തുരങ്കം അവസാനിക്കുന്നത് വലിയൊരു റോഡിലേക്ക് തന്നെയാണ്. ഉഷ വര്ദ്ധന് എന്ന യൂസറാണ് ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി കഴിഞ്ഞു. 76,000 -ത്തിലധികം ഉപയോക്താക്കള്‍ വീഡിയോ ലൈക്ക് ചെയ്തു. തുരങ്കത്തെക്കുറിച്ചുള്ള ആകാംക്ഷയും ആശങ്കയും പ്രകടിപ്പിച്ച് നിരവധി ആളുകളും കമന്റും ചെയ്തിട്ടുണ്ട്. പകല്‍ പോലും ഭയപ്പെടുത്തുന്ന ഈ ഇരുണ്ട തുരങ്കം എവിടെയാണന്ന് അറിയാന്‍ ആളുകള്‍ ആകാംക്ഷ പ്രകടിപ്പിച്ചു. കാര്‍ മറുവശത്ത് എത്തിയപ്പോഴാണ് ആശ്വാസമായത് എന്നാണ് വീഡിയോ കണ്ടവരില്‍ ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്.






