
നെടുമ്പാശേരി അവയവക്കടത്ത് കേസിലെ മുഖ്യകണ്ണിയെന്നു കരുതുന്ന ഹൈദരാബാദുകാരന് കസ്റ്റഡിയിലെന്ന് പോലീസ്. കേസിലെ ഇറാനിലേക്കുള്ള പ്രധാന കണ്ണിയെന്ന് വിശ്വസിക്കപ്പെടുന്ന പ്രതാപന് എന്ന ബല്ലം കൊണ്ട രാമപ്രസാദിനെ കസ്റ്റഡിയില്‍ എടുത്തതായും പ്രതികളെ ആലുവയില്‍ എത്തിച്ചതായുമാണ് വിവരം. ഇയാളാണ് അവയവക്കടത്തിന് ആളെ ഇറാനിലേക്ക് കടത്തുന്നതിന്റെ പ്രധാന കണ്ണി.
കേസില്‍ പോലീസ് തേടുന്ന മധുവിന്റെ കൂട്ടാളിയായ ഹൈദരാബാദ് സ്വദേശിയാണ് ഇയാള്‍. അവയവക്കച്ചവടത്തിനായുള്ള മനഷ്യുക്കടത്തിന്റെ മുഖ്യകണ്ണിയാണ് പിടിയിലായതെന്നും ഓണ്‍ലൈനിലൂടെ ആളുകളെ കണ്ടെത്തി അവയവം നല്കാന് പ്രേരിപ്പിച്ചിരുന്നത് ഇയാളാണെന്നുമാണ് വിവരം. സാബിത്തില്‍ നിന്നുമായിരുന്നു പോലീസിന് പ്രതാപനിലേക്കുള്ള വിവരം കിട്ടിയത്. ഇനി പിടികൂടാനുള്ളത് മധുവാണ് അയാള്‍ ഇറാനിലാണെന്നാണ് സൂചനകള്‍. മധുവിനെ പിടികൂടാന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
പോലീസ് പ്രത്യേക അന്വേഷണസംഘത്തിന്റെ ആവശ്യപ്രകാരം ബ്യൂറോ ഓഫ് ഇമിഗ്രേഷനാണു ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥന് കഴിഞ്ഞദിവസം ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇറാനിലുള്ള മധുവിനെ നാട്ടില്‍ തിരിച്ചെത്തിച്ച് അറസ്റ്റ് ചെയ്യാനാണു ശ്രമം. പാസ്പോര്‍ട്ട് റദ്ദാക്കിയോ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കിയോ ഇയാളെ പിടികൂടാനാണു നീക്കം.
പാസ്പോര്‍ട്ട് റദ്ദാക്കണമെങ്കില്‍ കോടതിയുടെ വാറന്റ് വേണം. സാധാരണഗതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷമാകും കോടതി വാറന്റ് അനുവദിക്കുക. എന്നാല്‍, ചുരുക്കം സന്ദര്‍ഭങ്ങളില്‍ കുറ്റപത്രം നല്‍കുന്നതിനുമുമ്പും വാറന്റ് പുറപ്പെടുവിക്കാറുണ്ട്. ഇന്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂകോര്‍ണര്‍ നോട്ടീസ് ഇറക്കാനുള്ള നടപടികളും സ്വീകരിക്കും. ഇതിനുള്ള പ്രാഥമിക നടപടികളും ആരംഭിച്ചു. ഇറാനിലുള്ള മധുവിനെ കണ്ടെത്താനും അയാള്‍ മറ്റു രാജ്യങ്ങളിലേക്കു കടക്കാതെ കരുതല്‍ തടങ്കലില്‍ വയ്ക്കാനുമാണു ലുക്കൗട്ട് നോട്ടീസ്.






