
ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി. യഥാര്‍ത്ഥഫലം എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍ക്ക് വിപരീതമായിരിക്കുമെന്ന് സോണിയാഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഫലങ്ങള്‍ എക്സിറ്റ് പോളുകള്‍ പറയുന്നതിനോട് പൂര്‍ണ്ണമായും വിരുദ്ധമാണെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായും കാത്തിരുന്ന് കാണാമെന്നുമായിരുന്നു സോണിയാഗാന്ധിയുടെ മറുപടി.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകള്‍ നാളെ എണ്ണും. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി വീണ്ടും അധികാരത്തിലേറുമെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിക്കുമ്പോള്‍, 295 സീറ്റുകളില്‍ കൂടുതല്‍ വിജയിച്ച് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഇന്ത്യാ ബ്ലോക്ക് അവകാശപ്പെട്ടു. എക്സിറ്റ് പോള്‍ പ്രവചനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, ഇത് നരേന്ദ്ര മോദിയുടെ ഫാന്റസി പോള്‍ എന്നായിരുന്നു നേരത്തേ രാഹുല്‍ഗാന്ധി വിശേഷിപ്പിച്ചത്. 543 അംഗ ലോക്സഭയില്‍ 272 എന്ന ഭൂരിപക്ഷം മറികടന്ന് ഇന്ത്യ പ്രതിപക്ഷ സഖ്യത്തിന് 295 സീറ്റുകള്‍ ലഭിക്കുമെന്ന് ആവര്‍ത്തിച്ചു. .
അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ ജന്മദിനത്തില് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സോണിയ ഇന്ന് ഡല്‍ഹിയിലെ ഡിഎംകെ ഓഫീസിലെത്തി. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സമാജ്വാദി പാര്‍ട്ടിയുടെ രാം ഗോപാല്‍ യാദവ് എന്നിവരുള്‍പ്പെടെ ഇന്ത്യന്‍ ബ്ലോക്കിലെ മറ്റ് നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. മുതിര്‍ന്ന ഡിഎംകെ നേതാക്കളായ ടി ആര് ബാലുവും തിരുച്ചി ശിവയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.






