
ഹൃദ്രോഗം മാറ്റാനായി നായയില്‍ ശരീരത്തില്‍ വളരെക്കുറച്ചു മാത്രം ആഘാതം സൃഷ്ടിക്കുന്ന ശസ്ത്രക്രിയരീതി പരീക്ഷിച്ച് മൃഗഡോക്ടര്‍മാര്‍. ന്യൂഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലാണ് ജൂലിയറ്റ് എന്ന നായയില്‍ ഇത്തരം ശസ്ത്രക്രിയ നടത്തിയത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇത്തരമൊരു ശസ്ത്രകിയ ആദ്യമാണെന്ന് മൃഗഡോക്ടര്‍മാര്‍ പറയുന്നു. ബീഗിള്‍ ഇനത്തില്‍പെട്ട നായയാണ് ജൂലിയറ്റ്. മിട്രാല് വാല്‍വ് ഡിസീസ് എന്ന രോഗം 2 വര്‍ഷമായി ജൂലിയറ്റിനെ വേട്ടയാടുന്നുണ്ടായിരുന്നു. ഹൃദയത്തിലെ രക്തചംക്രമണത്തിനു തടസ്സം സൃഷ്ടിക്കുന്നതും ശ്വാസകോശത്തിലും മറ്റും ദ്രാവകങ്ങള്‍ നിറയുന്നതിനും വഴിവയ്ക്കുന്ന അസുഖമാണ് ഇത്.
ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി അല്ലാതെ ട്രാന്‍സ് കത്തീറ്റര്‍ എഡ്ജ് ടു എഡ്ജ് റിപ്പയര്‍(ടിഇഇആര്‍) എന്ന രീതിയിലുള്ള ശസ്ത്രക്രിയയാണ് നായയില്‍ നടത്തിയത്. നായയെ ശസ്ത്രക്രിയയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു. നായ്ക്കളില്‍ വ്യാപകമായി ബാധിക്കപ്പെടുന്ന ഒരു അസുഖമാണ് മിട്രാല് വാല്‍വ് ഡിസീസ്. ലോകമെമ്പാടുമുള്ള നായ്ക്കളിലെ ഹൃദ്രോഗത്തില്‍ 80 ശതമാനവും ഈ രോഗമാണ്. മരുന്ന് നല്‍കുകയാണ് ഇതിന് സ്ഥിരം അവലംബിക്കാറുള്ള ചികിത്സ. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി വളരെ അപൂര്‍വമാണ്. പ്രത്യേക ദൃശ്യ സംവിധാനങ്ങള്‍ ഉപയോഗിച്ച് ചെയ്യുന്ന മെഡിക്കല്‍ പ്രക്രിയയാണ് ടിഇഇആര്‍. ഈസോഫാഗല്‍ ഫോര്‍ഡി ഇക്കോ കാര്‍ഡിയോഗ്രഫി, ഫ്ലൂറോസ്കോപി എന്നിവ ഉപയോഗിച്ച് ശസ്ത്രക്രിയാസമയത്ത് സൂക്ഷ്മമായി വീക്ഷിച്ചാണ് ശസ്ത്രക്രിയ നടത്തിയത്.
നെഞ്ചിലൂടെ ഒരു ചെറിയ ദ്വാരമുണ്ടാക്കി അതിലൂടെ വാല്‍വ് തകരാര്‍ പരിഹരിക്കുകയാണ് ചെയ്തത്. ന്യൂഡല്‍ഹിയിലെ ഈസ്റ്റ് കൈലാഷിലുള്ള സ്വകാര്യ മൃഗാശുപത്രിയിലെ ഡോക്ടര്‍മാരായ ഭാനുദേവ് ശര്‍മയും സംഘവുമാണ് ഇതിനു പിന്നില്‍. ഇതെപ്പറ്റി പഠിക്കാനായി ഇവര്‍ ഷാങ്ഹായി സന്ദര്‍ശിച്ചിരുന്നു.വേട്ടയ്ക്കായിട്ടാണ് ബീഗിള്‍ നായ്ക്കളെ വളര്‍ത്തിയിരുന്നത്. എന്നാല്‍ ചെറിയ ശരീരവും മികച്ച പെരുമാറ്റ സവിശേഷതകളുമുള്ള ബീഗിള്‍ പിന്നീട് പ്രിയപ്പെട്ട അരുമമൃഗമായി മാറുകയായിരുന്നു.






