
തമിഴകത്തിന്റെ പ്രിയ താരമാണ് സത്യരാജ്. തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരത്തിന്റെ ചിത്രങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ്. ഏറെ നാളുകളായി സോഷ്യൽ മീഡിയയിലൂടെ ഒരു ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നുണ്ട്. ചിത്രത്തിൽ സത്യരാജിന്റെ മടിയില്‍ നിറഞ്ഞ പുഞ്ചിരിയോടെ ഇരിക്കുന്ന ഒരു പയ്യനെ കാണാം. ഇന്ന് മലയാളത്തിന്റെ അഭിമാനതാരമായി മാറിയിരിക്കുന്ന ആ പയ്യൻ മറ്റാരുമല്ല, ഫഹദ് ഫാസിലാണ്. ഫാസിലിന്റെ രണ്ടു ചിത്രങ്ങളില്‍ സത്യരാജ് അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ആ ചിത്രത്തിനു പിന്നിലെ ഓർമ്മകള്‍ പങ്കിടുകയാണ് സത്യരാജ്.
പൂവിഴി വാസലിലേ, ബൊമ്മക്കുട്ടിയമ്മാവുക്ക് എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് കേരളത്തിലായിരുന്നുവെന്നും ഒരു ദിവസം ഫാസിലിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ പകർത്തിയതാണ് ഈ ചിത്രംമെന്നും സത്യരാജ് പറയുന്നു.
"ഈ ഫോട്ടോ ഫാസിലിന്റെ വീട്ടില്‍ പോയപ്പോള്‍ എടുത്തതാണ്. പൂവിഴി വാസലിലേ, ബൊമ്മക്കുട്ടിയമ്മാവുക്ക് എന്നിങ്ങനെ രണ്ടു സിനിമകളിലാണ് ഞാൻ ഫാസിലിനൊപ്പം വർക്ക് ചെയ്തത്. രണ്ടു സിനിമകളുടെയും ഷൂട്ടിംഗ് ആലപ്പുഴയിലായിരുന്നു. അദ്ദേഹം സ്വന്തം നാട്ടിലേ ഷൂട്ട് ചെയ്യൂ. ആ സമയത്ത് ഫാസിലിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാൻ പോയി. ആദ്യമായി ചെമ്മീൻ ബിരിയാണി കഴിച്ചത് അവിടെ നിന്നാണ്. ഭക്ഷണം കഴിച്ച് റെസ്റ്റ് ചെയ്യുമ്പോൾ ഫഹദ് എന്റെയടുത്തു വന്നു. അന്ന് ആള് കുട്ടിയാണ്. ആ സമയത്ത് അവനെ മടിയിലിരുത്തിയെടുത്ത പടമാണ് ഇപ്പോള്‍ വൈറലാവുന്നത്. അന്നു കണ്ടതിനു ശേഷം പിന്നീട് ഫഹദിനെ ഞാൻ കണ്ടിട്ടില്ല. ഇന്ന് അവൻ എവിടെയെത്തിയെന്നു നോക്കൂ. ആവേശം കണ്ടു, എന്താ പെർഫോമൻസ്..." സത്യരാജ് പറയുന്നു.
പുതിയ ചിത്രം വെപ്പണിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിലാണ് ഫഹദിനെ കുറിച്ച് സത്യരാജ് സംസാരിച്ചത്.
ഫാസില്‍ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമയിലേക്ക് എത്തിയത്. എന്നാല്‍ 'കൈയെത്തും ദൂരത്തിനും' മുൻപ് മമ്മൂട്ടിയും ശോഭനയും പ്രധാന വേഷത്തിലെത്തിയ 'പപ്പയുടെ സ്വന്തം അപ്പൂസ്' എന്ന ഫാസില്‍ ചിത്രത്തില്‍ ചെറിയൊരു സീനില്‍ ഫഹദ് ബാലതാരമായി മുഖം കാണിച്ചിരുന്നു. ചിത്രത്തിലെ ഒരു പാർട്ടി സീനിലാണ് ഫഹദ് പ്രത്യക്ഷപ്പെടുന്നത്.
ആദ്യ ചിത്രം പരാജയമായിരുന്നെങ്കിലും ഇന്ന് മലയാള സിനിമയില്‍ ഏത് വേഷവും ഏല്‍പ്പിക്കാമെന്ന് സംവിധായകർക്ക് ധൈര്യമുള്ള നടനാണ് ഫഹദ്. ഏതൊരു കഥാപാത്രവും അനായാസേന അവതരിപ്പിക്കാറുണ്ട് താരം.






