
ഓരോ യാത്രയിലും സന്തോഷമോ സങ്കടമോ ഭയമോ സൃഷ്ടിക്കുന്ന എന്തെങ്കിലും അനുഭവങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടാകും. പലരും തങ്ങളുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ഒരു ദീര്‍ഘദൂര യാത്രയില്‍ കര്‍ണ്ണാടക സ്വദേശിയായ ഒരു യുവതിക്ക് സംഭവിച്ച കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നമ്മുക്കറിയാം ഓരോ യാത്രയിലും ഓര്‍മ്മ ചിത്രങ്ങള്‍ പകര്‍ത്താനായി ഫോണുകള്‍ യാത്രയിലുടനീളം നമ്മുടെ കൈകളില്‍ തന്നെ കൊണ്ടുനടക്കാറുണ്ട്. സെല്‍ഫികളെടുത്തും പ്രകൃതി ദൃശ്യങ്ങള്‍ പകര്‍ത്തിയും റീല്‍സുകള്‍ എടുത്തും ഫോണ്‍ കൈകളില്‍ നിന്നൊഴിഞ്ഞ നേരമുണ്ടാകില്ല. എന്നാല്‍, ഇതിനിടെ കൈയില്‍ നിന്നും അത് താഴെപ്പോയാല്? ഒന്നര ലക്ഷം രൂപയുള്ള ഐഫോണിനാണ് ഈ ഗതിയെങ്കില്‍ പിന്നെ പറയേണ്ട. ആ യാത്രാ സംഘം മൊത്തം പിന്നെ ശോകമൂകമാകും. ഇവിടെയും അത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്.
കര്‍ണ്ണാടകയില്‍ നിന്ന് വര്‍ക്കലയുടെ ഭംഗി ആസ്വദിക്കാനെത്തിയ യുവതിയും സംഘവുമാണ് അത്തരമൊരു അനുഭവത്തിലൂടെ കടന്ന് പോയത്. റിസോട്ടില്‍ നിന്നും ഫോട്ടോയെടുക്കാനായി തീരത്തെ കരിങ്കല്ലുകള്‍ക്ക് മുകളില്‍ കയറിയതാണ്. പക്ഷേ, കൈയിലിരുന്ന ഒന്നര ലക്ഷത്തിന്റെ ഐ ഫോണ്‍, കടലിനും കരിങ്കല്ലുകള്‍ക്കും ഇടയിലേക്ക് വീണു. ശക്തമായ തീരമാലകള് ഫോണ്‍ തിരിച്ചെടുക്കുന്നത് ദുഷ്ക്കരമാക്കി. ഒടുവില്‍ ഫയര്‍ ഫോഴ്സ് സംഘമെത്തി നീണ്ട ഏഴ് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഫോണ്‍ തിരിച്ചെടുത്തു. ഒടുവില്‍ സംഘത്തോടും രക്ഷാപ്രവര്‍ത്തകരോടുമൊപ്പം ഒരു സെല്‍ഫി.
'ഗുണ' സിനിമയിലെ പാട്ടിന്റെ പശ്ചാത്തലത്തിലുള്ള വീഡിയോ ഒരേ സമയം 'മഞ്ഞുമ്മല്‍ ബോയ്സി'ലെ രക്ഷാപ്രവര്‍ത്തന രംഗത്തെയും ഓര്‍മ്മപ്പെടുത്തി. ഓരോ യാത്രയും മനസില്‍ ഒരുപാടോര്‍മ്മകള്‍ അവശേഷിപ്പിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സഹായിച്ച സുഹൈലിനും കേരളാ ഫയര്‍ ആന്റ് സെക്യൂരിറ്റി ടീമിനും നന്ദി അറിയിച്ചു റിസോര്ട്ടുകാര് പങ്കുവച്ച വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കുറിപ്പുകളെഴുതാനെത്തിയത്. വീഡിയോയ്ക്ക് താഴെ ഫയര്‍ ഫോഴ്സ് ഇത്തരത്തില്‍ ആളുകളെ സഹായിക്കേണ്ടതുണ്ടോ എന്ന് ചിലര്‍ ചോദിച്ചു. ചിലര്‍ സര്‍ക്കാര്‍ റിസോഴ്സ് ദുരുപയോഗം ചെയ്യുകയാണെന്ന് വാദിച്ചു. മറ്റ് ചിലര്‍ ഒരു വ്യക്തിയെ സഹായിക്കാന്‍ തയ്യാറായതിന് ഫയര്‍ ഫോഴ്സിനെ അഭിനന്ദിച്ചു. വീഡിയോ ഏതാണ്ട് ഒരു ലക്ഷത്തിന് മുകളില്‍ പേര് ലൈക്ക് ചെയ്തു.






