
പാര്‍ക്കിംഗില്‍ നിന്ന് ബൈക്കുമായി കടന്നുകളഞ്ഞ കള്ളന് കത്തെഴുതി ഒരു ഉടമ. ഇന്‍ഡോറില്‍ നിന്നുള്ള സതീഷ് സാല്‍വെ എന്ന വ്യക്തിയുടെ ബൈക്ക് ജൂണ്‍ നാലിനാണ് പാര്‍ക്കിംഗ് സ്ഥലത്തുനിന്ന് മോഷണം പോയത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നെങ്കിലും ഇരുവരെയും പോലീസിന് ഇയാളെ പിടികൂടാന്‍ സാധിച്ചില്ല. ഇതിനിടയിലാണ് ബൈക്ക് തിരികെ നല്‍കണമെന്ന് കള്ളനോട് കേണപേക്ഷിച്ച് ഉടമ കത്തെഴുതിയത്.
സതിഷ് തന്നെയാണ് താന്‍ എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കത്തില്‍ പറഞ്ഞിരിക്കുന്നതിങ്ങനെ.. ''ബഹുമാനപ്പെട്ട കള്ളന് സര്, ദയവായി എന്റെ ബൈക്ക് തിരികെ തരൂ. നിങ്ങള്‍ അത് മോഷ്ടിക്കുന്നത് സിസിടിവി ക്യാമറയില്‍ കണ്ടിരുന്നു. ഞാന്‍ ഒരു ചെറിയ ജോലിക്കാരനാണ്, എന്റെ ചെറിയ വരുമാനം കൊണ്ട് ഞാന്‍ വാങ്ങിയതാണ് ആ ബൈക്ക്. ബൈക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഇപ്പോള്‍ എന്റെ മകന് കരയുകയാണ്. ഭക്ഷണമോ വെള്ളമോ കുടിക്കാന്‍ പോലും അവന് തയ്യാറാകുന്നില്ല. കാരണം ഞങ്ങള്‍ എന്നും ആ ബൈക്കില്‍ യാത്ര ചെയ്യുമായിരുന്നു. എന്റെ കുടുംബത്തിന്റെ ഏക ആശ്രയം ഞാനാണ്. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന എനിക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനം മാസം വെറും 8000 രൂപ മാത്രമാണ്. മറ്റൊരു ബൈക്ക് വാങ്ങാന്‍ എന്റെ കയ്യില്‍ പണമില്ല. എന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കി താങ്കള്‍ ദയവായി എന്റെ ബൈക്ക് തിരികെ നല്‍കണം.'
കള്ളന് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും ഈ കേസില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. എങ്കിലും പോലീസ് മോഷ്ടാവിനെ പിടികൂടി ബൈക്ക് തിരിച്ചുപിടിച്ച് ഏല്‍പ്പിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും സതീഷ് പറഞ്ഞു. അതല്ല തന്റെ കത്താണ് കള്ളന് കാണുന്നതെങ്കില്‍ ദയവായി തന്റെ അവസ്ഥ മനസ്സിലാക്കി ബൈക്ക് തിരികെ ഏല്‍പ്പിക്കണമെന്നും സതീഷ് പറഞ്ഞു.






