
കൊച്ചി: മുനമ്പം മനുഷ്യക്കടത്തിന് ഇരയായവരെ കടലില്‍ ഉപേക്ഷിച്ചിരിക്കാമെന്ന് ദേശീയ അനേ്വഷണ ഏജന്‍സിയുടെ (എന്‍.ഐ.എ.) നിഗമനം. അഞ്ചുവര്‍ഷമായിട്ടും മറ്റു വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണു കടലില്‍ മുങ്ങി മരിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തല്‍. എന്‍.ഐ.എ. കേസ് ഏറ്റെടുത്തശേഷം ഇന്റര്‍പോള്‍ വഴിവിവരം കൈമാറിയിരുന്നു. അവരും ഇതേ വിലയിരുത്തലാണു പങ്കുവച്ചതെന്ന് എന്‍.ഐ.എ. വൃത്തങ്ങള്‍ പറഞ്ഞു.
2019 ജനുവരി 12 ന് ആയിരുന്നു മാല്യങ്കരയിലെ ബോട്ട് കടവിലെത്തിയ പരിസരവാസികളായവര് എട്ടു ബാഗുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു ബാഗുകള്‍ പരിശോധിച്ചപ്പോള്‍ ബാഗുകളും വസ്ത്രങ്ങളും മരുന്നുകളും മൂന്നു വിമാനടിക്കറ്റുകളും കണ്ടു സംശയം തോന്നിയതോടെ പോലീസിനെ അറിയിക്കുകയായിരുന്നു. ശ്രീലങ്കന്‍ അഭയാര്‍ഥികളെയാണു കടത്തിയതെന്നു കണ്ടെത്തി. സഹായം ചെയ്തുകൊടുത്ത മൂന്നുപേരെ അറസ്റ്റും ചെയ്തിരുന്നു.
സ്പെഷല്‍ ബ്രാഞ്ചിനുപുറമേ തമിഴ്നാട് ക്യൂ ബ്രാഞ്ച്, ഐ.ബി., മിലിട്ടറി ഇന്റലിജന്‍സ് ഒക്കെ അനേ്വഷിച്ചിട്ടും സൂചനപോലും ലഭിക്കാതെ വന്നതോടെയാണു എന്‍.ഐ.എ. ഏറ്റെടുത്തത്. രാജ്യാന്തര മനുഷ്യക്കടത്തു സംഘത്തിന്റെ കബളിപ്പിക്കലിനിരയായി ജീവന് നഷ്ടപ്പെട്ടിരിക്കാമെന്നാണു ഇന്റര്‍പോളും അറിയിച്ചത്. പണം കൈക്കലാക്കിയശേഷം ബോട്ട് നിയന്ത്രിച്ചിരുന്നവര്‍ നടുകടലില്‍ വച്ചു ബോട്ട് ഉപേക്ഷിച്ചു മറ്റൊന്നില്‍ രക്ഷപെട്ടിരിക്കാമെന്നും മറ്റുള്ളവര്‍ ഇന്ധനം തീര്‍ന്നോ ബോട്ടുമറിഞ്ഞോ അപകടത്തില്‍ പെട്ടു മരിച്ചിരിക്കാമെന്നുമാണു സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍.
ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, അള്‍ജീരിയ, മഡഗാസ്കര്‍, ക്രിസ്മസ് ദ്വീപ് തുടങ്ങി പലരാജ്യങ്ങളിലും ഇവരെത്തിയതായി സംശയിച്ചിരുന്നു. സാധാരണ മീന്‍പിടിത്തബോട്ടില്‍ ഇത്രയുംപേരെ സുരക്ഷിതമായി കടല്‍ കടത്താന്‍ സാധിക്കില്ലെന്നാണു നേവിയും കോസ്റ്റ്ഗാര്‍ഡും വിലയിരുത്തിയത്. തുടര്‍ന്ന് ഇന്തോനേഷ്യ, മലേഷ്യ, എന്നിവിടങ്ങളിലേക്ക് ഇവരെ കടത്താനുള്ള സാധ്യതയും പരിശോധിച്ചു. എന്നാല്‍, തുമ്പൊന്നും ലഭിച്ചില്ല. ഇതോടെ അനേ്വഷണം വഴിമുട്ടി.
ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ ഇവര്‍ എത്തിയിട്ടുണ്ടെന്ന വിവരമാണ് ഏറ്റവുമൊടുവില്‍ ലഭിച്ചത്. അള്‍ജീരിയയില്‍ നിന്നുവന്ന ചില ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചായിരുന്നു അനേ്വഷണം. വിദേശകാര്യ മന്ത്രാലയം വഴി ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിച്ചെങ്കിലും വിവരം സ്ഥിരീകരിക്കാനായില്ല. അതോടെ ആ വഴിക്കുള്ള അനേ്വഷണവും നിലച്ചു.
ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്ക് ഇവരെ കടത്താനുള്ള സാധ്യതകളും അനേ്വഷിച്ചെങ്കിലും അക്കാലത്ത് അത്തരം കുടിയേറ്റമൊന്നും ശ്രദ്ധയില്‍ വന്നിട്ടില്ലെന്നാണു അവിടത്തെ സുരക്ഷാ ഏജസികള്‍ ഇന്റര്‍പോള്‍ മുഖേന വിവരം കൈമാറിയത്. അഭയാര്‍ഥി പ്രവാഹം തടയാന്‍ ഇൗ രാജ്യങ്ങള്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അതിനാല്‍, മുനമ്പത്തു നിന്നുള്ളവര്‍ അവിടെയെത്തിയാല്‍ തങ്ങളുടെ കണ്ണില്‍ പെടാതിരിക്കില്ലെന്നാണു അവര്‍ അറിയിച്ചത്.
കടന്നുകയറ്റക്കാര്‍ ആ രാജ്യങ്ങളില്‍ പോലീസിനുമുന്നില്‍ കീഴടങ്ങുകയാണു പതിവ്. മറ്റു കുറ്റങ്ങളൊന്നും തെളിയിക്കാനായില്ലെങ്കില്‍ ഇവരെ മൂന്നുമാസം ജയിലിലടച്ചശേഷം പുറത്തുവിടും. തുടര്‍ന്നു അഭയാര്‍ഥികള്‍ക്കുള്ള യു.എന്‍. നിയമപ്രകാരം അവരെ ക്യാമ്പുകളില്‍ നിശ്ചിതകാലം പാര്‍പ്പിച്ചശേഷം പിന്നീടു തിരച്ചറിയല്‍ രേഖ നല്കുന്നു. തുടര്‍ന്നു രാജ്യത്തു കഴിയാന്‍ അനുമതി തേടുകയാണു ചെയîുന്നത്. ഓസ്ട്രേലിയയില്‍ കുടിയേറ്റനിയമം കര്‍ശനമാക്കിയതോടെ മനുഷ്യക്കടത്ത് അത്ര എളുപ്പവുമല്ലെന്നാണ് എന്‍.ഐ.എ വിലയിരുത്തല്‍.






