
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒരേസമയം നടന്നതിന് പിന്നാലെ ടിഡിപി-വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ കുര്‍ണൂല്‍ ജില്ലയില്‍ ഒരു ടിഡിപി അനുഭാവിയെ രാഷ്ട്രീയ എതിരാളികള്‍ കൊലപ്പെടുത്തിതായി പോലീസ് പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം നടന്ന സംഭവത്തില്‍ ഗൗരിനാഥ് ചൗധരി എന്നയാളെ വാക്കേറ്റത്തെ തുടര്‍ന്ന് കൊലപ്പെടുത്തിയതെന്ന് പോലീസ് ഓഫീസര്ശ്രീനിവാസ് റെഡ്ഡി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കുറ്റകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പോലീസ് അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊലപാതകത്തിന് പിന്നില്‍ വൈഎസ്ആര്സിപിയാണെന്ന് ടിഡിപി ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി അധ്യക്ഷനുമായ എന്‍ ചന്ദ്രബാബുവിന്റെ മകനുമായ നാരാ ലോകേഷ് ആരോപിച്ചു. ജഗന് മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതികരിച്ചത് നാരാ ലോകേഷിന്റെ പോസ്റ്ററിന് മുന്നില്‍ ഒരാള്‍ കരയുകയും മാപ്പ് ചോദിക്കുകയും ചെയ്യുന്ന വീഡിയോ പങ്കുവെച്ചാണ്.
ബിജെപിയും നടനും രാഷ്ട്രീയ നേതാവുമായ പവന് കല്യാണിന്റെ ജനസേനയും ഉള്‍പ്പെടുന്ന സംസ്ഥാനത്തെ ടിഡിപിയുടെ നേതൃത്വത്തിലുള്ള സഖ്യം നിയമസഭാ തിരഞ്ഞെടുപ്പില്‍ 175ല്‍ 164 സീറ്റുകള്‍ നേടി തൂത്തുവാരി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 25ല്‍ 21 സീറ്റും നേടി എന്‍ഡിഎ സഖ്യം ആധിപത്യം സ്ഥാപിച്ചു. ടിഡിപി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.






