
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കള്‍ക്കെതിരേ ഇ.ഡി. അന്വേഷണം. കള്ളപ്പണ ഇടപാടിലാണ് അന്വേഷണം നടക്കുന്നത്. നിര്‍മ്മാതാക്കളിലൊരാളായ ഷോണ്‍ ആന്റണിയെ ഇ.ഡി ചോദ്യം ചെയ്തു. നിര്‍മ്മാതാവും നടനുമായ സൗബിന് ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സിനിമയ്ക്കുവേണ്ടി ഏഴുകോടി രൂപ മുടക്കിയ മറ്റൊരു നിര്‍മ്മാതാവ് പണം തിരികെ നല്‍കിയില്ലെന്ന പരാതിയില്‍ പോലീസ് കേസ് എടുത്തിരുന്നു.
സിനിമാ മേഖലയില്‍ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് ഇ.ഡിയ്ക്കു നേരത്തേ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സിനിമാ നിര്‍മ്മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇ.ഡി. അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണു മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ക്കെതിരേ ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കുന്നത്. പണത്തിന്റെ ഉറവിടംസ, ലാഭം, പണം ഏതു തരത്തില്‍ ചെലവാക്കി തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി. അന്വേഷിക്കുന്നത്. സിറാജ് വലിയവീട്ടില്‍ ഏഴ് കോടി രൂപ സിനിമയ്ക്കായി പറവ ഫിലിംസിനു നല്‍കിയത്. സിനിമയ്ക്ക് 40 ശതമാനം ലാഭം പറവ ഫിലിംസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഒരു രൂപ പോലും ലഭിച്ചിട്ടില്ല എന്നായിരുന്നു സിറാജിന്റെ പരാതി.
പറവ ഫിലിംസ് നടത്തിയത് മുന്‍ധാരണ പ്രകാരമുള്ള ചതിയാണെന്നും സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്നു പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നുമാണു ഹൈക്കോടതിയില്‍ എറണാകുളം മരട് പോലീസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. 22 കോടി രൂപ സിനിമയ്ക്കായി ചെലവായെന്നാണു നിര്‍മ്മാതാക്കളുടെ വാദം. ഇതു കള്ളമാണെന്നും 18.65 കോടി രൂപ മാത്രമാണു നിര്‍മ്മാണ ചെലവായതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏഴുകോടി രൂപയാണു പരാതിക്കാരനായ സിറാജ് സിനിമയ്ക്കായി നിക്ഷേപിച്ചത്.
സിനിമയ്ക്കായി നിര്‍മ്മാതാക്കള്‍ ഒരു രൂപ പോലും മുടക്കിയിട്ടില്ല. വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരനു പറവ ഫിലിം കമ്പനി തിരികെ നല്‍കിയിട്ടില്ലെന്നും പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സിറാജിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ബന്ധപ്പെട്ട ബാങ്ക് രേഖകള്‍ പോലീസ് ശേഖരിച്ചിരുന്നു. ഇതില്‍ നിന്നുമാണു പറവ ഫിലിംസ് സാമ്പത്തിക തട്ടിപ്പു നടത്തിയെന്നു വ്യക്തമായത്. 40 ശതമാനം ലാഭവിഹിതമാണു പരാതിക്കാരനു നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ സിനിമ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായിട്ടും ഒരു രൂപ പോലും നല്‍കിയില്ല. ഇക്കാര്യം ബാങ്ക് രേഖകളില്‍ നിന്നു വ്യക്തമായി.
പറവ ഫിലിം കമ്പനി നടത്തിയതു കരുതിക്കൂട്ടിയുള്ള ചതിയാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാണ്ട് 47 കോടിയുടെ നഷ്ടമുണ്ടായെന്നാണു സിറാജിന്റെ ആരോപണം. അഞ്ചു കോടിക്കു മുകളിലുള്ള കേസായതിനാലാണ് ഇ.ഡി. അന്വേഷിക്കുന്നത്.






