
തൃശൂര്‍: ഐഎം വിജയന്, ജോപോള്‍ അഞ്ചേരി, സി.വി. പാപ്പച്ചന് അടക്കം കേരളത്തിലെയും ഇന്ത്യയിലെയും അനേകം ഫുട്ബോള്‍പ്രതിഭകളെ വാര്‍ത്തെടുത്ത മുന്‍ കളിക്കാരനും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി അന്തരിച്ചു. ഇന്ത്യയില്‍ വിവിധ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന്റെ നാലു ദശാബ്ദക്കാലത്തെ കരിയറിനാണ് അവസാനമായത്.
അങ്കമാലി കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാവിലെ 7:45 ഓടെയായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായിരുന്നു.
കൊല്‍ക്കത്ത, ഗോവ ക്ലബ്ബുകളെ പരിശീലിപ്പിച്ച ശേഷമാണ് ചാത്തുണ്ണി എഫ്സി കൊച്ചിന്റെ കോച്ചായി എത്തുന്നത്. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമുള്ള ചാത്തുണ്ണിയുടെ മികവില്‍ എഫ്സി കൊച്ചിനും ഇന്ത്യയിലെ ഒന്നാംകിട ക്ലബ്ബുകളില്‍ ഒന്നായിമാറി. അതിനുശേഷം ഗോവയില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിന് പരിശീലനം നല്കി. പിന്നീട് വിവാ കേരളയെ പരിശീലിപ്പിക്കാനായി കേരളത്തിലേക്ക് മടങ്ങി.
കേരളത്തിനും ഗോവയ്ക്കും കളിച്ചിട്ടുള്ള അദ്ദേഹം എഫ്.സി. കൊച്ചിന്, ഡെംപോ എസ് സി, സാല്‍ഗോക്കര്‍ എഫ്സി. മോഹന്ബഗാന് എഫ്സി, ചര്‍ച്ചില്‍ ബ്രദേഴ്സ്, ചിരാഗ് യുണൈറ്റഡ്, ജോസ്കോ എഫ്സി തുടങ്ങിയ വന്‍ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. കേരളാഫുട്ബോള് ടീമിനെ ഫെഡറേഷന് കപ്പില്‍ ജേതാക്കളാക്കിയിട്ടുള്ള ചാത്തുണ്ണി സന്തോഷ്ട്രോഫിയില്‍ കേരളാടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഐഎം വിജയനും സിവി പാപ്പച്ചനും അടങ്ങുന്ന തലമുറയെ മികവിന്റെ ഉയരങ്ങളില്‍ എത്തിച്ചതില്‍ ടികെ ചാത്തുണ്ണി എന്ന പരിശീലകന് വലിയ പങ്കുണ്ട്.






