
കാറിൽ സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച് യാത്ര ചെയ്ത വ്ലോഗർ സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹികസേവനം നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്. സഞ്ജു ടെക്കിക്കും സുഹൃത്തുക്കൾക്കും ശിക്ഷ നടപടിയുടെ ഭാഗമായിട്ടാണ് സാമൂഹിക സേവനം നൽകിയത്. സാമൂഹിക സേവനത്തിന്റെ രണ്ടാം ദിനമാണ് ഇന്ന്. രാവിലെ 8 മുതൽ 2 വരെയാണ് സേവനം ചെയ്യേണ്ടത്. 15 ദിവസത്തേക്കാണ് ഇവർക്ക് ശിക്ഷ നൽകിയിരിക്കുന്നത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ഇനി 13 ദിവസം കൂടി ഇവര്‍ സേവനം ചെയ്യണം.
രണ്ടാഴ്ച മുമ്പാണ് സഞ്ജു ടെക്കി സ്വന്തം വാഹനമായ ടാറ്റാ സഫാരിയിൽ സ്വിമ്മിംഗ് പൂളൊരുക്കിയത്. കാറിന് നടുവിലെ രണ്ട് സീറ്റുകൾ മാറ്റി പകരം പ്ലാസ്റ്റിക് ടർപോളിൻ കൊണ്ട് സ്വിമ്മിംഗ് പൂൾ തയ്യാറാക്കി. തുടർന്ന് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളിൽ കുളിച്ചു കൊണ്ട് യാത്ര ചെയ്തു. ഇതിൻ്റെ ദൃശ്യങ്ങൾ ട്യൂബിൽ പോസ്റ്റ് ചെയ്തു. യാത്രക്കിടെ ടര്പോളിന് ചോര്‍ച്ചയുണ്ടായി വെള്ളം കാറിനുള്ളിൽ പടർന്നു. എൻജിനിലടക്കം വെള്ളം കയറി. വശത്തെ സീറ്റിലെ എയർ ബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തു. ഇതോടെ ഇവർ വെള്ളം മുഴുവൻ റോഡിലേയ്ക്ക് ഒഴുക്കിവിട്ടു.
ഇതേ തുടര്‍ന്ന് യൂട്യൂബിലെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ആർടിഒ എൻഫോഴ്സ്മെൻ്റ് വിഭാഗമാണ് കാർ കസ്റ്റഡിയിലെടുത്തത്.ഡ്രൈവറുടെ ലൈസൻസ് ഒരു വര്‍ഷത്തേക്ക് സസ്പെൻ്റ് ചെയ്തു. വാഹനത്തിൽ രൂപമാറ്റം വരുത്തിയതിന് വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.






