
നാഗ്പൂർ: അയോധ്യയിലെ രാമക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ നിന്ന് പണം മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാജ്യത്ത് വലിയ ചർച്ചയാകുന്നതിനിടയിൽ, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് തന്റെ മൗനം വെടിഞ്ഞു. ഭക്തരുടെ വിശ്വാസത്തെ തകർക്കാൻ ചിലർ ശ്രമിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വെറും രണ്ട് വാക്കുകളിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ലഭിച്ച കാണിക്കകളിൽ വൻ തിരിമറി നടന്നതായുള്ള വിവാദങ്ങൾക്കിടയിൽ, ശ്രീരാമനിലുള്ള വിശ്വാസത്തെ തകർക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന ആരോപണങ്ങളോട് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് "റാം റാം" എന്ന് മാത്രം പറഞ്ഞ് വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.
അതേസമയം ദൗർഭാഗ്യകരമായ സംഭവത്തെ ചൂഷണം ചെയ്ത് "ഹിന്ദുവിരുദ്ധ, രാജ്യവിരുദ്ധ ശക്തികൾ" ഹിന്ദുധർമ്മത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ കഴിഞ്ഞ ദിവസം എക്സിലൂടെ ആരോപിച്ചിരുന്നു. ഈ കഠിനമായ സാഹചര്യത്തിൽ ഹിന്ദു സമൂഹം ആവശ്യമായ ക്ഷമയും നിയന്ത്രണവും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ വലിയ വേദനയും രോഷവുമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, ക്ഷേത്ര ഭരണത്തിലെ പോരായ്മകൾ പരിഹരിക്കാൻ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാണിക്ക മോഷ്ടിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനായി ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ തിങ്കളാഴ്ച അയോധ്യയിലെ മണി രാംദാസ് ചൗവ്നിയിൽ യോഗം ചേരും. നിലവിൽ എസ്ഐടിയുടെ അന്വേഷണ കാലാവധി ജൂലൈ അവസാനം വരെ നീട്ടിയിട്ടുണ്ട്. ഇതിന് പുറമെ പൊലീസും കേസിൽ സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.






