
തൃശ്ശൂര്‍: കുവൈറ്റ് തീപിടിത്തത്തില്‍ 50 പേരുടെ മരണം സ്ഥിരീകരിച്ചതായി കുവൈറ്റിലെ മാധ്യമങ്ങള്‍. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒരു ഇന്ത്യാക്കാരന് കൂടി മരണമടഞ്ഞതായി കുവൈറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരിച്ചയാളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആളെ തിരിച്ചറിയുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ 10.30ന് കൊച്ചിയിലെത്തിക്കും. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങള്‍ എത്തിക്കുക.
23 മലയാളികളുടേയും ഏഴ് തമിഴ്നാട് സ്വദേശികളുടെയും ഒരു കര്ണാടകക്കാരന്റെയും മൃതദേഹങ്ങളാണ് ഇവിടെ എത്തിക്കുന്നത്. ഇവിടെ നിന്നും വിവിധ ആംബുലന്‍സുകളിലായി അവരവരുടെ നാട്ടിലേക്ക് കൊണ്ടുപോകും. ആംബുലന്‍സിനൊപ്പം പോലീസ് പൈലറ്റുമുണ്ടാകും. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിയും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങും. മന്ത്രി കെ രാജനും കേന്ദ്രസഹമന്ത്രി സുരേഷ്ഗോപിയും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. തൃശൂരിലെ പരിപാടികള്‍ ഇതിനായി സുരേഷ്ഗോപി മാറ്റി.
ദുരന്തത്തില്‍ മരിച്ച 45 മൃതദേഹങ്ങളാണ് കൊണ്ടുവരുന്നത്. 23 മലയാളികളുടെ മൃതദേഹം കൊച്ചിയില്‍ ഏറ്റുവാങ്ങും. വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്ദ്ധന് സിംഗും വിമാനത്തിലുണ്ട്. തമിഴ്നാട്ടുകാരുടെയും കര്ണാടകക്കാരന്റെയും മൃതദേഹം കൊച്ചിയില്‍ കൈമാറും ബാക്കി മൃതദേഹങ്ങള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി അവിടെ നിന്നും ഉറ്റവര്‍ക്കും ഉടയവര്‍ക്കുമായി കൈമാറും. ഇതില്‍ മരണമടഞ്ഞ പാമ്പാടി സ്വദേശി സ്റ്റെഫിന്റെ മൃതദേഹം തിങ്കളാഴ്ച സംസ്ക്കരിക്കും. ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ സംസ്ക്കാരം ഇന്ന് നടക്കും.






