
ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദ് അംബാനിയും രാധിക മർച്ചന്റും തമ്മിൽ ജൂലൈ 12ന് നടക്കുന്ന വിവാഹം രാജ്യം കണ്ട ഏറ്റവും ചിലവേറിയ വിവാഹങ്ങളില്‍ ഒന്നായി മാറാനുള്ള ഒരുക്കത്തിലാണ്. പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾക്ക് മാത്രം ഏകദേശം 1200 കോടി ചിലവായി.
ഇപ്പോഴിതാ ആനന്ദ് അംബാനിയുടെ ഭാവി വധു രാധിക മർച്ചന്റ്ആദ്യമായി വിവാഹാഘോഷത്തെക്കുറിച്ച് മനസ് തുറക്കുകയാണ്. ആഡംബര ക്രൂയിസില്‍ നടന്ന രണ്ടാംഘട്ട പ്രീ വെഡ്ഡിംഗ് ആഘോഷങ്ങള്‍ക്ക് ഇടയിലാണ് അംബാനി കുടുംബത്തിലേക്ക് കടന്നുചെല്ലുന്നതിനെ കുറിച്ച് രാധിക സംസാരിച്ചത്.
"വിവാഹിതയാകാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഇനിയും കൂടുതല്‍ സംഭവങ്ങള്‍ വരാനുണ്ട്. ഭാവിയിലെ ചടങ്ങുകളാണത്..." രാധിക പറഞ്ഞു. വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾക്കിടയിൽ രാധിക മർച്ചന്റ് വോഗിനോടാണ് തന്റെ അഭിപ്രായം പങ്കുവച്ചത്.
ആനന്ദ് അംബാനിയുടെ വിവാഹം രാജ്യം കണ്ട ഏറ്റവും വലിയ ആഘോഷമാക്കി മാറ്റാനാണ് അംബാനി കുടുംബത്തിന്റെ ശ്രമം. ഇതിനായി വലിയ രീതിയിലുള്ള സന്നാഹങ്ങളാണ് ഒരുക്കുന്നതെന്നും സൂചനകളുണ്ട്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അനൗപചാരിക വിവാഹ ക്ഷണക്കത്തില്‍ വേദി, ഡ്രസ് കോഡ്, പ്രോഗ്രാം ഷെഡ്യൂള്‍ എന്നിവയുള്‍പ്പെടെ ഈ പരിപാടിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. നേരത്തെ അംബാനിയുടെ മറ്റൊരു മകനായ ആകാശ് അംബാനിയുടെയും ശ്ലോക മേത്തയുടെയും വിവാഹം നടന്ന അതേ വേദി തന്നെയായിരിക്കും ഈ ചടങ്ങുകളുടെയും വേദി എന്നും ബികെസി ജിയോ വേള്‍ഡ് സെന്ററില്‍ വച്ചായിരിക്കും വിവാഹം നടക്കുക എന്നുമാണ് റിപ്പോർട്ടുകൾ.
ഗുജറാത്തിലെ ജാംനഗറില്‍ നടന്ന പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളുടെ ആദ്യ റൗണ്ടിന് ശേഷം, യൂറോപ്പില്‍ പര്യടനം നടത്തുന്ന ഒരു ആഡംബര ക്രൂയിസ് കപ്പലില്‍ മറ്റൊരു പ്രീ-വെഡ്ഡിംഗ് പരിപാടി കൂടി നടന്നിരുന്നു. ചലച്ചിത്ര, ബിസിനസ്, കലാസാംസ്കാരിക രംഗത്ത് നിന്നുള്ള പ്രശസ്തർ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
നാല് ദിവസത്തെ ആഘോഷം ഫ്രാൻസിലും ഇറ്റലിയിലുമായി നടന്നു. അന്താരാഷ്ട്ര താരങ്ങളുടെ പ്രകടനങ്ങളും ഇതിന് മികവേകാൻ നടന്നിരുന്നു. പല സെലിബ്രിറ്റികളും കപ്പലില്‍ തത്സമയ പരിപാടികള്‍ അവതരിപ്പിച്ചത് കോടികള്‍ പ്രതിഫലം കൈപ്പറ്റിയാണ്.






