
ബര്‍ലിന്‍: യൂറോ കപ്പ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി ജയത്തോടെ തുടങ്ങി. മരണഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രൂപ്പ് ബിയില്‍ അസൂറികള്‍ ഒന്നിനെതിരെ രണ്ട് ഗോളിന് അൽബേനിയയെ തോൽപിച്ചു. ഇറ്റലിക്കായി ഇന്റർ മിലാൻ താരങ്ങളായ അലസാന്ദ്രോ ബസ്റ്റോനി (11–ാം മിനിറ്റ്), നിക്കോൾ ബറേല (16) എന്നിവർ ഗോൾ നേടി. നദിം ബജ്റാമിയാണ് അൽബേനിയയുടെ ഏക ഗോൾ നേടിയത്. യൂറോ കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളാണ് (23–ാം സെക്കൻഡ്) ബജ്റാമി നേടിയത്.
23ാം സെക്കന്റില്‍ വലകുലുക്കിയാണ് അല്‍ബേനിയ ഇറ്റലിയെ വിറപ്പിച്ചത്. ഇറ്റലിയുടെ പിഴവില്‍ നിന്നാണ് ഈ ഗോള്‍ പിറന്നത്. ഇറ്റാലിയന്‍ പ്രതിരോധ താരം ഫെഡെറിക്കോ ഡിമാര്‍ക്കോ സ്വന്തം പോസ്റ്റിലേക്കെറിഞ്ഞുനല്കിയ പന്ത് തട്ടിയെടുത്ത് നെദിം ബ്ജറാമി പോസ്റ്റിലേക്ക് പന്തടിച്ചുകയറ്റുകയായിരുന്നു. 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ ഇറ്റലി യയെ 4-3-3 ഫോര്‍മേഷനിലാണ് അല്‍ബേനി നേരിട്ടത്.
അൽബേനിയൻ ആഘോഷം അവസാനിപ്പിച്ച് അലസാന്ദ്രോ ബസ്റ്റോണി പതിനൊന്നാം മിനിറ്റിൽ ഇറ്റലിയെ ഒപ്പമെത്തിച്ചു. കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച പന്ത് ലോറന്‍സോ പെല്ലെനിഗ്രി നീട്ടി ക്രോസ് നല്കിയപ്പോള് ബസ്സോണി ഹെഡ്ഡറിലൂടെ പന്ത് പോസ്റ്റിലെത്തിക്കുകയായിരുന്നു.അഞ്ച് മിനുട്ടിനുള്ളില്‍ ഇറ്റലി ലീഡുമെടുത്തു. 16ാം മിനുട്ടില്‍ നിക്കോളോ ബരെല്ലയാണ് ഇറ്റലിക്കായി വലകുലുക്കിയത്. ജോർജീഞ്ഞോയും കിയേസയും കളി നിയന്ത്രിച്ചപ്പോൾ പന്ത് ഇറ്റലിയുടെ കാലിലേക്ക് ഒതുങ്ങി. മത്സരത്തിൽ 69 ശതമാനം പന്ത് കൈവശംവച്ച് 812 പാസുകൾ കൈമാറിയെങ്കിലും ഇറ്റലിക്ക് പിന്നീട് ലീഡുയർത്താനായില്ല. അതേസമയം ഒപ്പമെത്താനുള്ള അൽബേനിയയുടെ പിടച്ചിലിൽ ലോംഗ് വിസിലിന് തൊട്ടുമുൻപ് ഇറ്റലിയൊന്നു വിറച്ചു. ഇറ്റലിയുടെ കിയേസയാണ് കളിയിലെ താരം.
മരണഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രൂപ്പ് ബിയില്‍ സ്പെയിനും ഇറ്റലിയും ക്രൊയേഷ്യയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് മുന്നോട്ട് പോവുക അല്‍ബേനിയക്ക് കടുപ്പമാവും. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് സ്പെയിന് തോല്‍പ്പിച്ചിരുന്നു. ആദ്യ പകുതിയിലായിരുന്നു മൂന്ന് ഗോളും. ആല്‍വാരോ മൊറാട്ട, ഫാബിയാന്‍ റൂയിസ്, ഡാനി കാര്‍വഹാള്‍ എന്നിവര്‍ സ്പെയിനായി ലക്ഷ്യം കണ്ടു.




