
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരാറുണ്ട്. ഇപ്പോഴിതാ ദക്ഷിണകൊറിയയിലെ ഒരു ജിംമ്മിനെതിരെ ഉയരുന്ന വ്യാപക വിമര്‍ശനമാണ് വന്‍ ചര്‍ച്ചയായിരിക്കുന്നത്. സംഭവം എന്താണന്നല്ലേ? പ്രത്യേക പ്രായപരിധിയില്‍ പെട്ട സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജിം ഇപ്പോള്‍ വന്‍ വിമര്ശനങ്ങളേറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. ദക്ഷിണ കൊറിയയിലെ ഒ തലസ്ഥാനമായ സിയോളിനടുത്തുള്ള ഇഞ്ചിയോണ്‍ നഗരത്തിലെ ജിമ്മിലാണ് വിദ്യഭ്യാസവും സംസ്കാരവും സൗന്ദര്യവുമുള്ള സ്ത്രീകള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ എന്ന് ബോര്‍ഡ് വച്ചിരിക്കുന്നത്.
'അജുമ്മാസി'ന് പ്രവേശനമില്ല എന്നാണ് ഇതില്‍ എഴുതിയിരിക്കുന്നത്. 30 -കളുടെ അവസാനത്തിലുള്ള സ്ത്രീകളെയാണ് സാധാരണയായി 'Ajumma' എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒപ്പം ഔചിത്യമില്ലാതെയും പരുക്കനായും പെരുമാറുന്നവരെ സൂചിപ്പിക്കാനും ഈ പദം ഉപയോഗിക്കുന്നു. എന്നാല്‍, ബോര്‍ഡ് വച്ച ജിമ്മിന്റെ പേരോ മറ്റ് വിവരങ്ങളോ പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളിലൊന്നും പരാമര്‍ശിച്ചിട്ടില്ല. ജിമ്മിന്റെ ഉടമ പറയുന്നത്, ഇങ്ങനെ പെരമാറുന്ന യുവതികള്‍ കാരണം തന്റെ ജിമ്മിന് പല നഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ആ പ്രായത്തിലുള്ള സ്ത്രീകളെ ജിമ്മിലേക്ക് അനുവദിക്കാത്തത് എന്നാണ്.
ചില പ്രായമായ സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ വരെ ചെലവഴിച്ചിട്ടുണ്ട് എന്നും വസ്ത്രങ്ങള്‍ അലക്കുകയും ടവലുകള്‍, സോപ്പുകള്‍, ഹെയര്‍ ഡ്രയറുകള്‍ എന്നിവയുള്‍പ്പെടെ സാധനങ്ങള്‍ മോഷ്ടിച്ചിട്ടുണ്ട് എന്നും ജിം ഉടമ ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ്പിന് നല്കിയ ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു. ഇവര്‍ ഒരുമിച്ചിരുന്ന് മറ്റ് പ്രായം കുറഞ്ഞ സ്ത്രീകളുടെ ശരീരത്തെ കുറിച്ച് കമന്റ് പറയാറുണ്ട്. ഇത് ആ സ്ത്രീകളെ അസ്വസ്ഥരാക്കുകയും അവര്‍ ജിം ഉപേക്ഷിച്ച് പോവുന്ന സാഹചര്യമുണ്ടാക്കുകയും ചെയ്തു എന്നാണ് ജിം ഉടമയുടെ പരാതി.
അതേസമയം, ജിമ്മിന്റെ ഈ പ്രത്യേക പ്രായപരിധിയില്‍ പെടുന്നവര്‍ക്കുള്ള നിരോധനം ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചു. ഒരു പ്രത്യേക പ്രായത്തിലുള്ളവരാണ് അനുചിതമായി പെരുമാറുന്നത് എന്ന് നിങ്ങളെങ്ങനെയാണ് കണക്കാക്കുന്നത് എന്നായിരുന്നു പലരുടേയും ചോദ്യം. എന്നാല്‍, ജിമ്മിന്റെ തീരുമാനം ശരിയാണ് എന്നും ഇതുപോലെ പെരുമാറുന്നവരുണ്ട് എന്നും, ചില പ്രത്യേക പ്രായത്തിലുള്ളവരെ കൊണ്ട് വലിയ ശല്ല്യമാണെന്നും പറഞ്ഞവരുമുണ്ട്.






