
ന്യഡല്‍ഹി: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ ട്രെയിന്‍ അപകടം ഭീകരാക്രമണമെന്ന് വെളിപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ട്രെയിന്‍ അപകടം. ബീഹാര്‍ പോലീസാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അട്ടിമറിക്ക് കൂട്ടുനിന്ന ആളില്‍ നിന്നാണ് വിവങ്ങള്‍ ലഭിച്ചതെന്നും പാളത്തില്‍ ബോംബ് വയ്ക്കാന്‍ പാക്കിസ്താന് ചാരസംഘടനയായ ഐഎസ്ഐയുടെ സഹായം ലഭിച്ചെന്നും ഇയാള്‍ വെളിപ്പെടുത്തി. ഇയാള്‍ ഇപ്പോള്‍ ബിഹാര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.
കഴിഞ്ഞ നവംബറിലായിരുന്നു 150 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടം നടക്കുന്നത്. കാണ്‍പൂരില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ ദെഹാത് ജില്ലയിലെ പൊഖ്റായനില്‍ വെച്ചാണ് അപകടം നടന്നത്. പട്ന-ഇന്‍ഡോര്‍ എക്സ്പ്രസിന്റെ 14 കോച്ചുകളാണ് അപകടത്തില്‍പ്പെട്ടത്.
പാളത്തിലെ വിള്ളലാണ് അപകടകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ബീഹാര്‍ പോലീസിന്റെ അവകാശവാദം ശരിയാണെങ്കില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഭീകരാക്രമമാണിത്.






