
ലോകത്തില്‍ നാം ഇന്നും കാണാത്ത ഒട്ടനവധി മനോഹരമായ പ്രദേശങ്ങളുണ്ട്. ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും അപ്രതീക്ഷിത യാത്രകളിലൂടെയുമൊക്കെയായിരിക്കും ഈ സ്ഥലങ്ങളെക്കുറിച്ച് നാം അറിയുന്നത് തന്നെ. ഇത്തരത്തില്‍ കഴിഞ്ഞ മാസം യുഎസ്എ ടുഡേ അതിന്റെ ബെസ്റ്റ് റീഡേഴ്സ് ചോയ്സ്സ അവാര്‍ഡുകളുടെ ഭാഗമായി 2024 ലെ ഒന്നാം നമ്പര്‍ സമ്മര്‍ ട്രാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പ്രഖ്യാപിക്കുകയുണ്ടായി. ആ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് മിഡ് വെസ്സിലെ ഏറ്റവും മനോഹരമായ ദ്വീപുകളിലൊന്നാണ്, മക്കിനാക് ദ്വീപ്.
'മാക്-ഇന്‍-അവേ' എന്ന് ഉച്ചരിക്കുന്ന മക്കിനാക് ദ്വീപ് - മിഷിഗനിലെ അപ്പര്‍, ലോവര്‍ പെനിന്സുലകള്ക്ക് ഇടയിലുള്ള ഹുറോണ്‍ തടാകത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപിലേക്ക് പോകുന്നതിന് രണ്ടു മാര്‍ഗ്ഗങ്ങള്‍ ആണുള്ളത്. ഒന്ന് വിമാനത്തില്‍ ഇവിടെയിറങ്ങാം. അല്ലെങ്കില്‍ മക്കിനാവ് സിറ്റിയില്‍ നിന്ന് ഒരു ബോട്ടില്‍ ഡൗണ്ടൗണില് ഇറങ്ങുക ശേഷം അവിടെ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ ഇവിടേക്ക്. ദ്വീപിനുള്ളില്‍ യാത്ര ചെയ്യുന്നതിന് കുതിരവണ്ടികളെ ആശ്രയിക്കാം. ഒരു ദശലക്ഷത്തിലധികം ആളുകളാണ് ഏകദേശം 500 നിവാസികള്‍ മാത്രമുള്ള ഈ ദ്വീപിലേക്ക് ഓരോ വര്‍ഷവും സന്ദര്‍ശനത്തിനായി മാത്രം എത്തുന്നത്.
ഇവിടുത്തെ പ്രധാന സഞ്ചാരമാര്‍ഗ്ഗം കുതിരവണ്ടിയാണെന്ന് പറഞ്ഞല്ലോ. അതിനൊരു പ്രധാന കാരണം അഞ്ഞൂറിലധികം കുതിരകളുടെ ആവാസകേന്ദ്രം കൂടിയാണ് ഇത്. മനുഷ്യരേക്കാള്‍ പ്രാധാന്യം ഇവര്‍ക്ക് കൊടുക്കുന്നതുകൊണ്ടുതന്നെ 1898 മുതല്‍ ദ്വീപിനുള്ളില്‍ മോട്ടോര്‍ വാഹനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. മോട്ടോര്‍ വാഹനങ്ങളുടെ തുടര്‍ച്ചയായ ശബ്ദം കുതിരകളെ അലോസരപ്പെടുത്തും എന്നതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു നിരോധനം.
അതുപോലെ തന്നെ ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഗ്രാന്‍ഡ് ഹോട്ടല്‍. യുഎസില്‍ അവശേഷിക്കുന്ന മരത്താല്‍ മാത്രം നിര്‍മ്മിതമായ ചുരുക്കം ചില ഹോട്ടലുകളില്‍ ഒന്നാണ് ഗ്രാന്‍ഡ് ഹോട്ടല്‍. ചരിത്രപരമായി ഏറെ പ്രത്യേകതകളുള്ള ഒരു സ്ഥലമാണ് ഇത്. ഏകദേശം 660 അടി നീളമുള്ള അതിന്റെ വരാന്ത ലോകത്തിലെ ഏറ്റവും നീളമേറിയതാണെന്ന് പറയപ്പെടുന്നു. 1800 കളുടെ അവസാനത്തില്‍ സ്റ്റീംഷിപ്പ്, റെയില്‍റോഡ് കമ്പനികള്‍ നിര്‍മ്മിച്ചതാണ് ഇത്. ഒരുകാലത്ത്, വേനല്‍ക്കാലം മുഴുവന്‍ ഇവിടെ ചിലവഴിക്കുന്ന അതിസമ്പന്നരും സമ്പന്നരുമായ അതിഥികള്‍ ഹോട്ടലില്‍ പതിവായി എത്തിയിരുന്നു.
ചരിത്രപരമായ പ്രത്യേകതകള്‍ കാരണം വൈകുന്നേരം 6.30ന് ശേഷം ഇവിടെ ഒരു പ്രത്യേക ഒരു ഡ്രസ് കോഡ് ഉണ്ട്. ആ ഡ്രസ്സ് കോഡ് പ്രകാരം അതിഥികള്‍ ധരിക്കേണ്ട വസ്ത്രങ്ങള്‍ ഇവയാണ്, ഒരു കോട്ട്, ടൈ, സ്ലാക്ക്സ്, ടോപ്പ്, സ്കേര്‍ട്ട് അല്ലെങ്കില്‍ ഒരു പാന്റ്സ്യൂട്ട്. ഒട്ടനവധി മനോഹര കാഴ്ചകള്‍ സമ്മാനിക്കുന്ന ഇവിടം സഞ്ചാരികള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്.






