
എൺപതുകളുടെ തുടക്കത്തിൽ സിനിമയിലേക്ക് എത്തിയ താരമാണ് നടി ലിസി. ഇത്തിരി നേരം ഒത്തിരി കാര്യം എന്ന സിനിമയിലാണ് ലിസി ആദ്യമായി അഭിനയിക്കുന്നത്. നായികയായും സഹനടിയായുമൊക്കെ ആ കാലഘട്ടത്തിൽ ലിസി അഭിനയിച്ചിട്ടുണ്ട്. നായികയായി തിളങ്ങി നിൽക്കുമ്പോൾ പോലും ചെറിയ വേഷങ്ങളിൽ പോലും യാതൊരു മടിയും കൂടാതെ അഭിനയിക്കാൻ ലിസി താല്പര്യം കാണിച്ചിട്ടുണ്ട്.
ഓടരുത് അമ്മാവാ ആളറിയാം എന്ന സിനിമയിലാണ് ലിസി ആദ്യമായി നായികയായി അഭിനയിച്ചത്. പ്രിയദർശൻ സിനിമകളിലെ നിറസാന്നിധ്യമായിരുന്ന ലിസി അദ്ദേഹത്തെ പിന്നീട് തന്റെ ജീവിതപങ്കാളിയാക്കി. 1990-ലായിരുന്നു വിവാഹം. വിവാഹശേഷം ലിസി ലക്ഷ്മി എന്ന പേരും സ്വീകരിച്ചിരുന്നു. 2016-ൽ ഇരുപത്തിയാറ് വർഷത്തെ ദാമ്പത്യ ജീവിതം ലിസിയും പ്രിയനും അവസാനിപ്പിക്കുകയും ചെയ്തു.
രണ്ട് മക്കളാണ് താരത്തിനുള്ളത്. ഇതിൽ മകൾ കല്യാണി ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നടിയാണ്. അൻപത്തിയേഴുകാരിയായ ലിസി, ഇന്നും തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ഒരാളാണ്. ഇപ്പോഴിതാ ലിസി പങ്കുവച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. തലയും കഴുത്തും കുത്തി കാലുകൾ ഉയർത്തി നിൽക്കുന്ന വീഡിയോയാണ് ലിസി പോസ്റ്റ് ചെയ്തത്.
“സുപ്രഭാതം പ്രിയരേ!! യോഗ സ്വയം മെച്ചപ്പെടുത്തലല്ല, സ്വയം അംഗീകരിക്കലാണ്..”, എന്ന ക്യാപ്ഷനോടെയാണ് ലിസി വീഡിയോ പോസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര യോഗ ദിനത്തോടെ അനുബന്ധിച്ചാണ് താരം ഇത് പങ്കുവച്ചിട്ടുള്ളത്. എന്തൊരു മെയ്വഴക്കമാണ് ഈ പ്രായത്തിലും എന്നാണ് ആരാധകർ വീഡിയോയുടെ താഴെ നൽകിയിട്ടുള്ള കമന്റുകൾ. ഇപ്പോഴും നായികയാകാനുള്ള ലുക്ക് ഉണ്ടെന്നും പലരും അഭിപ്രായപ്പെട്ടു.






