
താരരാജാവായ മോഹൻലാലിന്റെ മകനായിട്ടും വളരെ ലളിതമായ ജീവിതം നയിക്കുന്ന താരപുത്രനാണ് പ്രണവ് മോഹൻലാൽ. താരപുത്രന് എന്നതിലുപരി ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നീ ഹിറ്റ് സിനിമകളിലെ നായകൻ കൂടിയാണ് പ്രണവിന് ഒട്ടും താരപകിട്ട് കാണിക്കാറില്ല. താരപുത്രന്റെ ലാളിത്യവും വിനയവും ഇതിനു മുമ്പും സോഷ്യല്‍ മീഡിയയിലൂടെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ചെലവ് ചുരുക്കി യാത്ര ചെയ്യാനിഷ്ടപ്പെടുന്ന താരം ബാഗും തൂക്കി സാധാരണക്കാരനായിട്ടാണ് എപ്പോഴും യാത്ര ചെയ്യാറുള്ളത്. സിനിമയിൽ അഭിനയിച്ച് കഴിഞ്ഞാൽ പ്രണവ് അവിടെ നിന്ന് എവിടേക്കെങ്കിലും യാത്ര പോകും. പ്രണവ് തട്ടുകടയിലിരുന്നു ചായ കുടിക്കുന്നതിന്റെയൊക്കെ ചിത്രങ്ങളും വീഡിയോയുമൊക്കെ പല തവണ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ഇപ്പോഴിതാ ബറോസിന്റെ സെറ്റില്‍ മോഹൻലാലിനെ കാണാനെത്തിയ പ്രണവിനെ സെക്യൂരിറ്റി തടഞ്ഞതിനെപ്പറ്റി പറയുകയാണ് ക്യാമറാമാനും തിരക്കഥാകൃത്തുമൊക്കെയായ അനീഷ് ഉപാസന.
‘‘പ്രണവിനോട് കുറച്ച് സമയങ്ങളിലൊക്കെ സംസാരിച്ചിട്ടുണ്ട്. ആള് അങ്ങനെ സംസാരിക്കില്ല. ഒരു ദിവസം ബറോസിന്റെ സെറ്റിലേക്ക് പ്രണവ് വന്നു. ഞാൻ പാർക്കിംഗ് ഏരിയയില്‍ നില്‍ക്കുകയാണ്. ഗേറ്റ് ക്ലോസ് ചെയ്തിട്ടുണ്ട്. അച്ഛൻ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നും പറഞ്ഞ് ഒരാള്‍ വന്നിട്ടുണ്ടെന്ന് സെക്യൂരിറ്റി വന്ന് പറഞ്ഞു. പാസ് ഇല്ലാതെ കയറ്റിവിടാൻ പറ്റില്ല, സാർ പ്രശ്നമാക്കുമെന്ന് ഞാൻ പറഞ്ഞു.
അകത്തേക്ക് കയറ്റിവിടില്ലെന്ന് പറഞ്ഞപ്പോള്‍ അയാള്‍ ചിരിക്കുകയാണെന്ന് സെക്യൂരിറ്റി പറഞ്ഞു. ഒന്നാമത് തലേദിവസം അവിടെ ആരോ കയറിയിട്ട് ചെറിയ ബഹളമുണ്ടായിട്ടുണ്ട്. പോകാൻ പറഞ്ഞിട്ടും പുള്ളി പോകുന്നില്ലെന്നും സാർ ഒന്ന് വരണമെന്നും സെക്യൂരിറ്റി ആവശ്യപ്പെട്ടു. അങ്ങനെ ഞാൻ ചെന്നു. പ്രണവാണ് വണ്ടിയിലിരിക്കുന്നത്. തൊപ്പിയൊക്കെ വച്ചിട്ടുണ്ട്. ഞാൻ അപ്പൂ, വാ എന്ന് പറഞ്ഞു. നേരെ കൊണ്ടുപോയി ലാല്‍ സാറിന്റെടുത്ത് ആക്കിക്കൊടുത്തു. ഊബറിലാണ് ആള് വന്നത്.
ഫുഡ് കഴിക്കാൻ ഇരിക്കുകയാണ് ഞങ്ങള്‍. പ്രൊഡക്ഷന്റെ ഫുഡ് ഒരു ടേബിളില്‍ വച്ചിട്ടാണ് കൊടുക്കുക. ഞാൻ നോക്കുമ്പോള്‍ ആ ക്യൂവില്‍ പ്രണവ് നില്‍ക്കുകയാണ്. പുള്ളി അവിടെ നിന്നിട്ടേ വാങ്ങുകയുള്ളൂവെന്ന് പറഞ്ഞു. ക്യൂവില്‍നിന്ന് ഭക്ഷണമൊക്കെയെടുത്ത് ഹിന്ദിക്കാർ നില്ക്കുന്ന മൂലയില്‍ പോയി ഒരു കസേരയിട്ട് കഴിച്ചു. അത്രയും സിമ്പിളാണ്. ആഡംബരമൊന്നും പുള്ളിയെ ആകർഷിക്കുന്ന കാര്യമേ അല്ല. വരുന്നു, അച്ഛനെ കാണുന്നു, ഫുഡ് കഴിക്കുന്നു, പോകുന്നു. എവിടുന്നോ വരുന്നു, എവിടേക്കോ പോകുന്നു....’’ അനീഷ് ഉപാസന പറയുന്നു.






