
ന്യൂഡല്‍ഹി : ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി ഉൾപ്പെടെ രണ്ട് സിആര്‍പിഎഫ് ജവാന്മാർക്ക് വീരമൃത്യു. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആര് (35). സിആര്‍പിഎഫില്‍ ഡ്രൈവര്‍ ആയിരുന്നു വിഷ്ണു. ഇവര്‍ ഓടിച്ചിരുന്ന ട്രക്ക് പൊട്ടിത്തെറിയില്‍ തകരുകയായിരുന്നു. ശൈലേന്ദ്ര (29) മരിച്ച മറ്റൊരു ജാവന്.
ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണം (ഐഇഡി) ഉപയോഗിച്ചുള്ള സ്ഫോടനത്തിലാണ് ജവാൻമാർ കൊല്ലപ്പെട്ടത്. ഒരു ജവാനും ട്രക്ക് ഡ്രൈവറും ഉൾപ്പെടെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെ ജംഗിൾ വാർഫെയർ യൂണിറ്റിലെ (കോബ്രാ) രണ്ട് ഉദ്യോഗസ്ഥർ ഞായറാഴ്ച കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരം.
അതേസമയം ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സുരക്ഷാ സേനാംഗവും എട്ട് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിരുന്നു.നാരായൺപൂർ, കൊണ്ടഗാവ്, കാങ്കർ, ദന്തേവാഡ എന്നീ നാല് ജില്ലകളിൽ നിന്നുള്ള ജില്ലാ റിസർവ് ഗാർഡുകളും പ്രത്യേക ടാസ്ക് ഫോഴ്സും ചേർന്നാണ് സംയുക്ത നക്സൽ വിരുദ്ധ ഓപ്പറേഷൻ നടത്തിയത്. ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയതോടെ ഈ വർഷം 131 നക്സലുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്ക്.






