
കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊരുക്കിയ നിതിന്‍ കേരളത്തിലെ ജാതി സമൂഹത്തിന്റെ അവസാനത്തെ ഇരയെന്ന് റാപ്പര്‍ വേടന്‍. പഠിക്കണം എന്ന ആഗ്രഹത്തോടെ വന്ന പയ്യനെ കൊന്നുകളഞ്ഞത് കേരളത്തിലെ പൊതു ഇടങ്ങളിലെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിയാണെന്നും വേടന്‍ പറഞ്ഞു. നിതിനും അപ്പനും അമ്മയ്ക്കും നീതി കിട്ടിയില്ലെങ്കില്‍ കേരളത്തിലെ പൊതുസമൂഹത്തിന് നീതി കിട്ടിയിട്ടില്ല എന്നാണ് അതിന്റെ അര്‍ത്ഥം എന്നും വേടന്‍ വീഡിയോയിലൂടെ വ്യക്തമാക്കി.
നിതിന്‍ രാജിന്റെ മരണത്തില്‍ യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഈ മാസം 10നാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. മരിച്ച ദിവസം രാവിലെ പതിനൊന്ന് മണിയ്ക്ക് ഭക്ഷണം കഴിക്കാന്‍ പൈസ വേണമെന്ന് സഹോദരിയെ വിളിച്ച് നിതിന്‍ ആവശ്യപ്പെടുകയും അവര്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഒന്നരയോടെ കോളേജില്‍ നിന്ന് ഒരു അധ്യാപിക വിളിച്ച് നിതിന്‍ കെട്ടിടത്തില്‍ നിന്ന് വീണ് അപകടം പറ്റിയിട്ടുണ്ട് ഉടന്‍ വരണമെന്ന് അമ്മ ലതയോട് പറയുകയായിരുന്നു. കുട്ടി മരിച്ച വിവരം പോലും കോളേജ് അധികൃതര്‍ വിളിച്ചുപറഞ്ഞില്ല. വാര്‍ത്ത കണ്ട് ബന്ധുക്കള്‍ വിളിച്ചപ്പോഴാണ് വിവരമറിഞ്ഞതെന്ന് കുടുംബം ആരോപിച്ചു.






