
എൻഡിഎയെ 72 സീറ്റിൽ ജയിപ്പിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചുവെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. വോട്ട് എണ്ണിക്കഴിയുമ്പോൾ അറിയാം. വോട്ടെണ്ണലിന് മുമ്പ് ഇതൊക്കെ പറയുന്നത് ജനങ്ങളെ അപമാനിക്കുന്നതല്ലേയെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പ്രതികരിച്ചു.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ സർക്കാരുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിലാണ് മുന്നണികൾ. കോൺഗ്രസിൽ മുഖ്യമന്ത്രി ആരാകണം എന്ന ചർച്ച കൊഴുക്കുമ്പോൾ അധികാരം നിലനിർത്തുമെന്ന ഉറപ്പിലാണ് എൽഡിഎഫ്.
കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്നും 90 ലധികം സീറ്റുകൾ നേടി ഇടതുമുന്നണി ഭരണത്തുടർച്ച ഉറപ്പാക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പോളിംഗ് ശതമാനത്തിലുണ്ടായ മാറ്റം വോട്ടർമാരുടെ എണ്ണത്തിലുണ്ടായ കുറവ് മൂലമാണെന്നും വോട്ടിംഗ് രീതി പരിശോധിക്കുമ്പോൾ എൽ ഡി എഫ് നയങ്ങൾക്ക് വലിയ ജനകീയ അംഗീകാരം ലഭിച്ചതായാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഭരണവിരുദ്ധ തരംഗമെന്ന വാദത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.






