
ന്യൂഡല്‍ഹി: ഭരണഘടനയുടെ ചെറുരൂപം ഉയര്‍ത്തി പ്രതിഷേധിച്ച കോണ്‍ഗ്രസിനെ 'അടിയന്തിരാവസ്ഥ' ഓര്‍മ്മിപ്പിച്ച് തിരിച്ചടിച്ച് പ്രധാനമന്ത്രി. പതിനെട്ടാം ലോക്സഭയുടെ പ്രഥമ പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പ് മാധ്യമങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴായിരുന്നു വിമര്‍ശനം. അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികം ഈ ജൂണ്‍ 25-ന് ആഘോഷിക്കുമെന്നും ഇത് രാജ്യത്തിന്റെ ജനാധിപത്യത്തിലെ കറുത്ത പാടാണെന്നും സഭാസമ്മേളനത്തിന് മുമ്പ് മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.
അന്നത്തെ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥയെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, 'ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത പുള്ളിക്ക് നാളെ 50 വര്‍ഷം ഈ 50-ാം വാര്‍ഷികത്തില്‍ ജനാധിപത്യം പിടിച്ചെടുത്തു, ഇനിയൊരിക്കലും അങ്ങനെ സംഭവിക്കില്ല എന്ന് രാജ്യം പ്രതിജ്ഞയെടുക്കും. രാജ്യത്തെയും ജനങ്ങളെയും സേവിക്കാന്‍ എല്ലാവരെയും ഒപ്പം കൊണ്ടുപോകാന്‍ സര്‍ക്കാര്‍ നിരന്തരം ശ്രമിക്കുമെന്നും എന്നാല്‍ പ്രതിപക്ഷത്തിന് കര്‍ശനമായ സന്ദേശം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ അതിന്റെ മൂന്നാം ടേമില്‍ ആണെന്നും മൂന്നിരട്ടി കഠിനാധ്വാനം ചെയ്യുമെന്നും മൂന്നിരട്ടി ഫലങ്ങള്‍ നല്‍കുമെന്നും പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ഉറപ്പ് നല്കി. ഈ തെരഞ്ഞെടുപ്പിന് പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യാനന്തരം തുടര്‍ച്ചയായി മൂന്നാം തവണയും തുടരാന്‍ തിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ സര്‍ക്കാരാണിത്. 60 വര്‍ഷത്തിന് ശേഷമാണ് ഈ അവസരം ലഭിച്ചിരിക്കുന്നത്. മൂന്നാം ടേമിലേക്ക് ജനങ്ങള്‍ ഒരു സര്‍ക്കാരിനെ തിരഞ്ഞെടുക്കുമ്പോള്‍ അതിനര്‍ത്ഥം അതിന്റെ ഉദ്ദേശ്യത്തിന്റെയും നയങ്ങളുടെയും അര്‍പ്പണബോധത്തിന്റെയും മുദ്രയാണ്. ഇതിന് ഞാന്‍ ജനങ്ങളോട് നന്ദി പറയുന്നു,' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ മൂന്നാം ടേമിലെ ആദ്യ പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന് നേരെയായിരുന്നു ആക്രമണം. നേരത്തേ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന ഇന്ത്യാ സഖ്യം ഭരണഘടനയുടെ ചെറുപതിപ്പ് ഉയര്‍ത്തി അംബേദ്ക്കറിന്റെയും ഗാന്ധിപ്രതിമയുടെയും മുന്നില്‍ നിന്നുമാണ് പാര്‍ലമെന്റിലേക്ക് എത്തിയത്. രാഹുല്‍ഗാന്ധിയുടേയും സോണിയാഗാന്ധിയുടേയും നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ നരേന്ദ്രമോദിയെ എംപിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ വിളിച്ചപ്പോഴും ഭരണഘടന ഉയര്‍ത്തിക്കാട്ടിയിരുന്നു.





