
കണ്ണൂര്‍ : ടിപി ചന്ദ്രശേഖര്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുളള നീക്കം ഇന്ന് നിയമസഭയില്‍ അടിയന്തിരപ്രമേയമായി ഉന്നയിക്കാന്‍ പ്രതിപക്ഷം. . കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ ടികെ രജീഷ്, അണ്ണൻ സിജിത്, മുഹമ്മദ് ഷാഫി എന്നിവർക്ക് സ്പെഷ്യൽ ഇളവ് നൽകാനുള്ള വഴി വിട്ട നീക്കം മാധ്യമങ്ങളാണ് പുറത്ത് കൊണ്ടുവന്നത്. ടിപിയുടെ ഭാര്യ കെകെ രമയാകും നോട്ടീസ് നൽകുക.
രമയുടെ പ്രസംഗവും മുഖ്യമന്ത്രിയുടെ മറുപടിയും ഏറെ നിർണ്ണായകമാകും. അതേസമയം ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതികളെ വിട്ടയക്കില്ലെന്ന് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രതികളെ വിട്ടയക്കാന്‍ വഴിവിട്ട നീക്കമെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ടിപി കേസിലെ പ്രതികള്‍ക്ക് ഇരുപത് വര്‍ഷംവരെ ശിക്ഷായിളവ് പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് പരിശോധിച്ചിട്ടുണ്ടാകില്ലെന്നും ചട്ടപ്രകാരമുള്ള പട്ടിക തയ്യാറാക്കിയപ്പോള്‍ ഉള്‍പ്പെട്ടതാകാമെന്നും തുടര്പരിശോധനകളില് അവര്‍ ഒഴിവാക്കപ്പെടുമെന്നും ജയില്‍ മേധാവി പറഞ്ഞു.
സര്‍ക്കാര്‍ പ്രതികള്‍ക്ക് എപ്പോഴും സഹായം നല്‍കിയിരുന്നെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ എംഎല്‍എ പ്രതികരിച്ചു. 'പ്രതികള്‍ക്കു വഴിവിട്ട് പരോള്‍ നല്‍കാനും ജയിലില്‍ ഫോണ്‍ ഉപയോഗിക്കാനും വേണ്ട എല്ലാ സൗകര്യങ്ങളും നല്‍കാനും സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നു. പ്രതികളുടെ കൂടെയാണ് സര്‍ക്കാരെന്നു വീണ്ടും വീണ്ടും സ്ഥാപിക്കുകയാണ്. കോടതിയലക്ഷ്യമാണിത്, ഇതിനെതിരെ നിയമനടപടി സ്വീകരിക്കും' രമ പറഞ്ഞു





