
തിരുവനന്തപുരം: ജോലിയില്‍ തിരിച്ചെടുക്കണമെന്നു കെ.എസ്.ആര്.ടി.സി. ഡ്രൈവര്‍ യദു ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനു പരാതി നല്കി. ഒന്നുകില്‍ ജോലിയില്‍ തിരിച്ചെടുക്കണം അല്ലെങ്കില്‍ പറഞ്ഞുവിടണം എന്നാണ് യദുവിന്റെ പരാതിയിലെ ആവശ്യം.
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് യദുവിനെ ജോലിയില്‍നിന്നു മാറ്റിനിര്‍ത്തിയത്. മേയര്‍ നല്കിയ പരാതിക്കു പിന്നാലെയായിരുന്നു ഡ്യൂട്ടിക്കു കയറേണ്ടെന്നു നിര്‍ദ്ദേശം നല്‍കിയത്.
കഴിഞ്ഞ ഏപ്രിലില്‍ പാളയത്തായിരുന്നു തിരുവനന്തപുരം മേയറും കെ.എസ്.ആര്.ടി.സി. െ്രെഡവറും തമ്മില്‍ നടുറോഡില്‍ വാക്കേറ്റമുണ്ടായത്. പ്ലാമൂട്ടില്വച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ അശ്ളീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി. ആര്യ രാജേന്ദ്രന്റെ പരാതിയില്‍ യദുവിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
കെ.എസ്.ആര്.ടി.സി. ബസിനു കുറുകെ കാര്‍ നിര്‍ത്തി ജോലി തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നു കാണിച്ച് ഏപ്രില്‍ 27 നു യദു പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലീസ് ആദ്യം തയാറായില്ല.
പിന്നീടു കോടതിയെ സമീപിച്ചതോടെയാണ് മേയര്‍ക്കും ഭര്‍ത്താവ് സച്ചിന് ദേവ് എം.എല്‍.എയ്ക്കുമെതിരേ കേസെടുത്തത്. തനിക്കെതിരായ കേസില്‍ അന്വേഷണം അതിവേഗം നീങ്ങുമ്പോള്‍ താന്‍ നല്കിയ കേസില്‍ മെല്ലപ്പോക്കാണെന്നും യദു പരാതിപ്പെടുന്നു.






