
കണ്ണൂർ : ടി.പി.ചന്ദ്രശേഖരൻ കൊലപാതക കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നടപടികളുടെ മുന്നൊരുക്കമായി കെ.കെ.രമ എംഎൽഎയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലംമാറ്റി. കൊളവല്ലൂർ സ്റ്റേഷനിലെ എഎസ്ഐ ശ്രീജിത്തിനെയാണ് വയനാട്ടിലേക്ക് സ്ഥലംമാറ്റിയത്. ടിപി കേസിലെ പ്രതിയായ ട്രൗസർ മനോജിന് ശിക്ഷായിളവ് നൽകാനാണ് മൊഴിയെടുത്തത്.
കെ.കെ രമ എംഎൽഎയുടെ മൊഴിയെടുത്ത കാര്യം പ്രതിപക്ഷം നേരത്തെ നിയമസഭയിൽ ഉന്നയിച്ചിരുന്നു. ടി.പി.കൊലക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്കുന്നുവെന്നത് അഭ്യൂഹമാണെന്ന് സ്പീക്കര്‍ ഉള്‍പ്പെടെ പറഞ്ഞ ശേഷവും ട്രൗസര്‍ മനോജിന് വേണ്ടി പൊലീസ് കെ.കെ.രമയുടെ മൊഴിയെടുത്തത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ ചോദിച്ചിരുന്നു. ഗൂഢാലോചനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘമാണോയെന്നും ഹോം സെക്രട്ടറിക്കും മീതേ പറക്കുന്ന പരുന്ത് ആരാണെന്നും പ്രതിപക്ഷ നേതാവ് ആരാഞ്ഞിരുന്നു.
ഇത് വിവാദമായതോടെയാണ് പോലീസുകാരനെതിരേ നടപടി ഉണ്ടായത്. നിയമസഭയില്‍ പ്രതിപക്ഷം നല്കിയ സബ് മിഷന് നല്‍കുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി ഇടപെട്ട് മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസി.സൂപ്രണ്ട് ഗ്രേഡ് വൺ ബി.ജി. അരുൺ, അസി. പ്രിസൺ ഓഫീസർ ഒ.വി.രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സർവ്വീസിൽനിന്ന് സസ്പെൻഡ് ചെയ്തത്.






